ആറ്റിങ്ങൽ: വക്കം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി നേതാക്കളും നാല് ബൂത്ത് പ്രസിഡൻറുമാരും സി.പി.എമ്മിൽ ചേർന്നു. ഒ.ബി.സി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് തങ്കരാജ്, ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻറ് ടി. ദിലീപ്, മഹിള മോർച്ച നേതാവ് പ്രിയ, 192ാം ബൂത്ത് പ്രസിഡൻറ് അജി, ബൂത്ത് പ്രസിഡൻറുമാരായ കുമാർ, കനകരാജ്, വിജയൻ, സുനിൽ, പ്രവർത്തകരായ ശിവാനന്ദൻ, ബാബു എന്നിവരാണ് ബി.ജെ.പി ചുമതലകൾ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായ സമയത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രവർത്തകരും നേതാക്കളും പാർട്ടിവിട്ടത് ബി.ജെ.പി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. വക്കം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളുടെ എണ്ണംകൊണ്ട് രണ്ടാം സ്ഥാനത്തുള്ള രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. പാർട്ടിക്കുള്ളിലെ ഒരു ഗ്രൂപ്പിനൊപ്പം ബി.ജെ.പി സ്ഥാനാർഥി വി. മുരളീധരൻ നിലകൊള്ളുന്നു എന്നാരോപിച്ചാണ് ഇവർ പാർട്ടിവിട്ടത്.
സി.പി.എമ്മിലേക്ക് വന്നവർക്ക് എൽ.ഡി.എഫ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം എ.എ. റഹീം എം.പി എന്നിവർ സ്വീകരിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ആർ. രാമു, ബി. സത്യൻ, ഷൈലജ ബീഗം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.