ആറ്റിങ്ങൽ: മത്സ്യത്തൊഴിലാളി അതിക്രമത്തിനിരയായ സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. മത്സ്യവിപണന തൊഴിലാളിയായ അൽഫോൺസ നഗരസഭ ജീവനക്കാർക്കെതിരെയും നഗരസഭ അൽഫോൺസക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർക്കെതിരെയുമാണ് പരാതി ഉന്നയിച്ചത്. ഇരുവരുടെയും പരാതികളിൽ ആറ്റിങ്ങൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അക്രമത്തിനിരയായ അഞ്ചുതെങ്ങ് പഞ്ചായത്തോഫിസിന് എതിര്‍വശം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അല്‍ഫോൺസ ചൊവ്വാഴ്ചതന്നെ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. താൻ വിൽപനക്കെത്തിച്ച മത്സ്യം നഗരസഭ ജീവനക്കാർ നശിപ്പിച്ചും തന്നെ കൈയേറ്റം ചെയ്തും നഷ്ടമുണ്ടാക്കിയതാണ് പരാതി. കൈക്ക് പരിക്കും മീൻ നശിച്ചതിനാൽ പതിനായിരം രൂപയുടെ നഷ്ടവുമാണ് അൽഫോൺസ പരാതിയിൽ സൂചിപ്പിച്ചത്. ജീവനക്കാരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് നഗരസഭ ബുധനാഴ്ച ആറ്റിങ്ങൽ സ്റ്റേഷനിൽ പരാതി നൽകി. ഔദ്യോഗിക കൃത്യനിർവഹണതെ തടസ്സപ്പെടുത്തിയത് ആയതിനാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മത്സ്യം പിടിച്ചെടുക്കാനുള്ള അവകാശത്തെ ചൊല്ലിയും തർക്കമുയർന്നിട്ടുണ്ട്.
നഗരസഭക്ക് മത്സ്യം പിടിച്ചെടുക്കണമെങ്കിൽ അത് ഭക്ഷ്യയോഗ്യമല്ലെന്ന് സർട്ടിഫിക്കറ്റ് ചെയ്യണം. അല്ലാതെ അനധികൃത വിൽപനയുടെ പേരിൽ മത്സ്യം പിടിച്ചെടുക്കാൻ പറ്റില്ല. അനധികൃത വിൽപനക്ക് നോട്ടീസ് നൽകാനും വീണ്ടും ആവർത്തിച്ചാൽ പിഴയീടാക്കാനും കഴിയും. മത്സ്യവും ഇത് കൊണ്ടുവരുന്ന പാത്രവും ഉൾപ്പെടെയാണ് നഗരസഭ പിടിച്ചെടുക്കുന്നത്. ഫൈൻ അടച്ചാൽ അത് വിട്ടുനൽകുമെന്നാണ് നഗരസഭയുടെ ഭാഷ്യം.
വഴിയോര കച്ചവടക്കാർ സെക്രേട്ടറിയറ്റ് ധർണ നടത്തി
തിരുവനന്തപുരം: മത്സ്യക്കച്ചവടത്തിനെത്തിയ സ്ത്രീയെ ആറ്റിങ്ങൽ നഗരസഭ ജീവനക്കാർ ആക്രമിച്ച് മത്സ്യം നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിന് ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്ത് മാതൃകപരമായ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വഴിയോര കച്ചവടത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ സെക്രേട്ടറിയറ്റ് മുന്നിൽ മത്സ്യവുമായി ധർണ നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പി.എസ്. നായിഡു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ല നേതാക്കളായ കെ.എസ്. മധുസൂദനൻ നായർ, പട്ടം ശശിധരൻ, സുനിൽ മതിലകം, തങ്കമണി എന്നിവർ പ്രസംഗിച്ചു. ബെനിഡിക്ക, സെൽവി, എലിസബത്ത്, ജെസ്റ്റീന, സറ്റെല്ല സിന്ധു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.