ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ കുടിവെള്ള വിതരണം മുടങ്ങി; തീരവാസികൾ പ്രതിസന്ധിയിൽ. രണ്ടാഴ്ചയായി തീരത്ത് കുടിവെള്ള വിതരണം മുടങ്ങിയ നിലയിലാണ്, തീരദേശവാസികൾ നെട്ടോട്ടത്തിലും. അഞ്ചുതെങ്ങിലെ പ്രദേശത്തെ വീടുകൾക്ക് മുന്നിലും പൊതു പൈപ്പുകൾക്ക് മുന്നിലും ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളും നിറഞ്ഞു.
ജലം ശേഖരിക്കാൻ എത്തുന്നവർ പൈപ്പ് ലൈനിൽ വെള്ളം എത്തുമ്പോൾ പിടിക്കാൻ പാത്രങ്ങളുമായി കാത്തിരിക്കുകയാണ്. കടലിന്റെയും കായലിന്റെയും നടുവിൽ സ്ഥിതിചെയുന്ന ഗ്രാമമായതിനാൽ തന്നെ കിണറുവെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഇവിടത്തെ കിണറുകളിൽ ലവണാംശം ഉള്ള ജലമാണ് ലഭിക്കുന്നത്. ദിവസം കഴിയുന്തോറും കൂടുതൽ മേഖലകളിൽ ജലലഭ്യത ഇല്ലാതാകുന്നു. ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ മാത്രം ആശ്രയിച്ചാണ് തീരവാസികൾ കഴിയുന്നത്. കയർ-മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്ന ഇവിടത്തുകാർ ഇപ്പോൾ കുടിവെള്ളത്തിനായി രാപകലില്ലാതെ നെട്ടോട്ടത്തിലാണ്.
കുടിവെള്ളക്ഷാമം അതിരൂക്ഷ സാഹചര്യത്തിലെത്തിയിട്ടും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മൗനം തുടരുകയാെണന്ന് നാട്ടുകാർ ആരോപിക്കുന്നു. വേനൽക്കാലത്ത് കുടിവെള്ളം കിട്ടാതെ തദ്ദേശവാസികൾ സമരരംഗത്തിറങ്ങുന്നത് പതിവാണ്. കുടിവെള്ളത്തിന്റെ ഉപഭോഗം കൂടുന്നതിനനുസരിച്ച് പൈപ്പ് ലൈനിൽ അവസാന ഭാഗങ്ങളിൽ ജലം കിട്ടാതെ വരുന്ന പ്രശ്നമാണ് വേനൽക്കാലത്ത് തീരദേശ മേഖലയിൽ ഉണ്ടാകുന്നത്.
ഇത് പരിഹരിക്കാൻ തീരദേശത്തിന് വേണ്ടി മാത്രം പ്രത്യേക സംഭരണിയും ജലവിതരണം ക്രമീകരിക്കാൻ കൂടുതൽ വാൽവ് നിയന്ത്രണ പോയൻറുകളും സ്ഥാപിക്കേണ്ടതുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും മുന്നണികൾ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകാര്യങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകി വോട്ട് നേടുമെങ്കിലും ജയിച്ചാൽ ഈ പ്രശ്നങ്ങൾക്കെതിരെ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇവിടത്തുകാർ പറയുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് എതിരെ സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമാണ് ഇതുസംബന്ധിച്ച് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.