ആറ്റിങ്ങൽ: അമ്മയുടെ പരിപാലനത്തെ സംബന്ധിച്ച് മക്കൾ തർക്കിച്ചതിനെതുടർന്ന് അഞ്ച് മണിക്കൂറോളം നടുറോഡിൽ ആംബുലൻസിൽ കിടക്കേണ്ടിവന്ന വയോധികയുടെ വിഷയത്തിൽ ഒടുവിൽ പൊലീസ് ഇടപെട്ടു. വിഷയത്തിൽ പിന്നീട് ഒത്തുതീർപ്പുണ്ടാക്കി.
ആറ്റിങ്ങൽ കടുവയിൽ കൊക്കോട്ടുകോണം സ്വദേശിയായ 85 കാരിക്കാണ് ഈ ദുർഗതി. ഇവർക്ക് നാല് ആൺമക്കളും ആറ് പെൺമക്കളുമുണ്ട്. മക്കൾക്ക് സ്വത്തുവകകളും കൈവശമുള്ള പണവും പങ്കുവെച്ചു നൽകിയിരുന്നു. നാലാമത്തെ മകളുടെ വീടായ കാഞ്ഞിരംകോണം പുത്തൻ വീട്ടിൽ അവശനിലയിൽ ട്യൂബിട്ട് കിടക്കുന്ന അമ്മയെ മകൾ ആംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീടായ ആറ്റിങ്ങൽ ഭാസ്കർ വില്ലയിൽ കൊണ്ടുവന്നു.
എന്നാൽ, ആ മകൾ അമ്മയെ സ്വീകരിക്കാൻ തയാറായില്ല. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നാലാമത്തെ മകൾ ആംബുലൻസിലെ സ്ട്രക്ചറിൽ അമ്മയെ എടുത്ത് അഞ്ചാമത്തെ മകളുടെ വീടിന് മുന്നിൽവെച്ചതോടെ നാട്ടുകാരും വാർഡ് കൗൺസിലറും ഇടപെടുകയായിരുന്നു.
മൂത്ത മകൾ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാൽ ആശുപത്രിയിലാണെന്നും ചേച്ചിയെ നോക്കാൻ നാലാമത്തെ മകൾക്ക് പോകേണ്ടതുള്ളതുകൊണ്ടാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിൽ എത്തിച്ചതെന്നാണ് ഇവർ പറഞ്ഞത്. അമ്മയെ മക്കൾ രണ്ടുപേരും കൈയേൽക്കാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി നടത്തിയ സന്ധി സംഭാഷണത്തിൽ അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിൽ മൂന്നുമാസം താമസിപ്പിക്കാൻ തീരുമാനിച്ചു. മൂന്നുമാസം വീതം ഓരോ മക്കളും നോക്കിക്കൊള്ളാമെന്ന് സ്റ്റേഷനിൽ എഴുതിവെച്ചശേഷമാണ് അമ്മക്ക് ആംബുലൻസിൽനിന്ന് മോചനം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.