ആറ്റിങ്ങൽ: വിനോദസഞ്ചാര ഭൂപടത്തിൽ മുഖച്ഛായ മാറ്റാന്‍ അഞ്ചുതെങ്ങ് ഒരുങ്ങുന്നു. പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. അഞ്ചുതെങ്ങ് കോട്ട, ഫൊറോന ചർച്ച്, പൊന്നുംതുരുത്ത്, കായിക്കര ആശാൻ സ്മാരകം, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പാക്കും.
വ്യാപാരാവശ്യത്തിനായി ആറ്റിങ്ങല്‍ റാണി നല്കിയ സ്ഥലത്ത് ബ്രിട്ടീഷുകാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണിതതാണ് അഞ്ചുതെങ്ങ് കോട്ട. നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലെ സംരക്ഷിത സ്മാരകമാണ്. ഇതിനോട് അനുബന്ധിച്ച് ലൈറ്റ് ഹൗസുമുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൈതൃക വൃക്ഷമായി അംഗീകരിച്ചതും 260 വര്‍ഷം പഴക്കമുള്ളതുമായ രണ്ട് ചെമ്പകമരങ്ങളാണ് ചെമ്പകത്തറയിലെ പ്രധാന ആകര്‍ഷണം.
ഇവിടെ ചിത്രശലഭ പാര്‍ക്കും ഔഷധസസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും ഒരുക്കും. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയില്‍ സ്മാരകവും കായല്‍ഭംഗിയും കടൽത്തീരവും ആസ്വദിക്കാം. കായലിന് മധ്യത്തുള്ള പൊന്നുംതുരുത്തും പദ്ധതിയുടെ ഭാഗമാകും.
കായല്‍തീരങ്ങളില്‍ 2,800 ചതുരശ്രമീറ്റര്‍ കണ്ടൽ ചെടി വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചു. രണ്ട് മുതല്‍ എട്ടുവരെയുള്ള വാര്‍ഡുകളില്‍ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് കണ്ടല്‍ ചെടിള്‍ നട്ടുവളര്‍ത്തുന്നത്. പ്രകൃതിസംരക്ഷണത്തിലുപരി കായൽതീര മനോഹാരിത കൂട്ടുന്നതിനും വിവിധ പക്ഷി, ശലഭങ്ങളുടെ ആവാസ വ്യവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനും ഇത് സഹായകമാകും. മൂന്നുവര്‍ഷം കൊണ്ട് കണ്ടല്‍ ചെടികളുടെ പരിപാലനം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായി കണ്ടൽ കാടുകൾ മാറും. ഈ സ്ഥലങ്ങള്‍ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജ് ഗ്രാമപഞ്ചായത്ത് തയാറാക്കും.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പെപ്പർ പദ്ധതിയുടെ ഭാഗമായി വിവിധ പരിശീലന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തുണിസഞ്ചി നിർമാണം, പേപ്പർ ബാഗ് നിർമാണം, നാടൻ പാചകരീതി, കമ്യൂണിറ്റി ടൂർ ലീഡേഴ്സ്, ഹോം സ്റ്റേ പദ്ധതി, അഗ്രി ടൂറിസം നെറ്റ്വർക്ക് എന്നിവയിൽ ആണ് പരിശീലനം. പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ 21ന് വൈകുന്നേരം അഞ്ചിനകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.