ആറ്റിങ്ങൽ: ‘ഒന്നും മാലിന്യമല്ല’ സന്ദേശവുമായി ഒരുകൂട്ടം വിദ്യാർഥികൾ. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളാണ് പ്ലാസ്റ്റിക് മാലിന്യത്തിന് വിപ്ലവകരമായ പുനരുപയോഗസാധ്യത സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് കൈയടി നേടുന്നത്.
കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യം ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളിൽ കുത്തിനിറച്ച് തയാറാക്കുന്ന 'ഇക്കോബ്രിക്സ്' ഉപയോഗിച്ച് നഗരസഭാങ്കണത്തിൽ വിശ്രമ ബെഞ്ചുകൾ നിർമിച്ചുനൽകി. നഗരസഭ കാര്യലയവളപ്പിലെ മരച്ചുവടുകൾ എല്ലാം മനോഹര വിശ്രമസ്ഥലങ്ങളായി മാറി. 350 കിലോഗ്രാമിലധികം പാഴ് പ്ലാസ്റ്റിക് ഉപയോഗിച്ച് തയാറാക്കിയ 800 ലധികം കുപ്പിക്കട്ടകൾ കൊണ്ടാണ് ഈ വിശ്രമ ബെഞ്ചുകൾ തീർത്തത്. പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിന്, പുനരുപയോഗത്തിന് പുത്തൻ മാതൃക സൃഷ്ടിക്കുകയാണ് ഈ കുട്ടി പൊലീസ് ടീം.
ഇത്തരത്തിൽ ഇവർ ഏറ്റെടുത്ത് നടത്തിയ നാലാമത്തെ നിർമിതിയാണ് ഇത്. നേരത്തെ സ്കൂൾമുറ്റത്തും, തോന്നയ്ക്കൽ സായിഗ്രാമത്തിലും വിശ്രമ ബെഞ്ചുകൾ നിർമിച്ച് നൽകിയതും ഓലത്താന്നി വിക്ടറി സ്കൂളിൽ ഇത്തരം നിർമിതിക്ക് കുപ്പിക്കട്ടകൾ എത്തിച്ചു നൽകിയതും ഈ ടീമാണ്. 350-400 ഗ്രാം ഭാരമാണ് ഇവർ തയാറാക്കുന്ന ഓരോ കുപ്പിക്കട്ടകൾക്കും ഉള്ളത്. ഇതിനോടകം ഏകദേശം ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം ഭൂമിയിൽ പരക്കാതെ സംരക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു.
കഴിഞ്ഞദിവസം മുനിസിപ്പൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ എസ്. കുമാരി വിശ്രമബെഞ്ച് പൊതുജനങ്ങൾക്ക് സമർപ്പിച്ചു. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി നഗരസഭപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ മിനി സിവിൽ സ്റ്റേഷൻ മുതൽ നഗരസഭ കാര്യാലയം വരെയുള്ള ചുറ്റുമതിലുകളിൽ ശുചിത്വസന്ദേശവും ചിത്രങ്ങളും വരച്ചിരുന്നു.
നഗരസഭ കവാടത്തിൽ സ്ഥാപിച്ച അക്വർലിക്ക് ലൈറ്റ് ബോർഡുകളുടെ സ്വിച്ച് ഓണും ചെയർപേഴ്സൺ നിർവഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള അധ്യക്ഷത വഹിച്ചു. ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ. നജാം, എസ്. ഗിരിജ, സെക്രട്ടറി കെ.എസ്. അരുൺ, രമ്യാസുധീർ, പി. ബിനു, പി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.