ആറ്റിങ്ങൽ: മത്സ്യത്തൊഴിലാളികൾ ഇറാനിൽ ജയിൽ മോചിതരായി; ഇറാൻ വിടാൻ ഇനിയും കടമ്പകൾ ബാക്കി. ദുബൈ അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ മലയാളികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി സംഘം അതിർത്തി ലംഘനത്തിന് ഇറാന്റെ പിടിയിലായിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം വീട്ടിൽ സാജു ജോർജ് (54), മാമ്പള്ളി ഓലുവിളാകം വീട്ടിൽ ആരോഗ്യ രാജ് (43), മാമ്പള്ളി മുണ്ടുതുറ വീട്ടിൽ ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിങ്ടൺ (44) മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ഡിക്സൺ എൽ (46) കൊല്ലം പരവൂർ സ്വദേശികളായ ഷമീർ (47), ഷാഹുൽ ഹമീദ് (48) എന്നിവരാണ് ഇറാനിൽ ജയിൽ മോചിതരായത്.
മൂന്നു ദിവസം മുമ്പ് ജയിൽമോചിതരായ ഇവർ ഉൾപ്പെടുന്ന ഒമ്പതംഗ ഇന്ത്യൻ സംഘത്തെ ഇന്ത്യൻ എംബസി അധികൃതർ ഇറാനിൽ മുറിയെടുത്ത് താമസിപ്പിച്ചിരിക്കുകയാണ്.
ആശയവിനിമയത്തിന് ഒരു ഫോണും ലഭ്യമാക്കി. പക്ഷേ, ഇവർക്ക് ഇറാൻ വിടുന്നതിന് ഇനിയും കടമ്പകൾ ബാക്കിയാണ്. ദുബൈ അജ്മാനിൽ താമസസ്ഥലത്തുള്ള ഇവരുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കണം. ഇത്തരം നടപടികൾ പൂർത്തിയാക്കി ഇറാൻ വിടുന്നതിന് ഇനിയും ഒരാഴ്ച കൂടി വേണ്ടിവരുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
അജ്മാനിൽ മത്സ്യബന്ധന മേഖലയിൽ തൊഴിലെടുക്കുന്നവരായിരുന്നു ഇവർ. മത്സ്യബന്ധന വിസയിലാണ് ഇവർ വിദേശത്ത് നിൽക്കുന്നത്. ജൂൺ 18ന് വൈകീട്ട് അജ്മാനിൽ നിന്നാണ് ഇവർ മത്സ്യബന്ധത്തിനുപോയത്. ബോട്ടുടമ കൂടിയായ അജ്മാൻ സ്വദേശി അബ്ദുൽ റഹ്മാനും 10 തൊഴിലാളികളും ജെ.എഫ്. 40 നമ്പർ ബോട്ടിലാണ് മത്സ്യബന്ധനത്തിന് തിരിച്ചത്. സംഘം സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ഇറാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ജയിലിലാണെന്ന് 19ന് നാട്ടിൽ വിവരം ലഭിച്ചു. തുടർന്ന്, ബന്ധുക്കൾ ഇവരുടെ മോചനത്തിന് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായം തേടിയിരുന്നു. തുടർന്നുള്ള ഇടപെടലിലാണ് ജയിൽ മോചനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.