ആറ്റിങ്ങൽ: ദുരിതാശ്വാസനിധിയിൽനിന്ന് വ്യാജരേഖ സമർപ്പിച്ച് പണം തട്ടിയ സംഭവം അഞ്ചുതെങ്ങ് വില്ലേജ് പരിധിയിൽ വിതരണം ചെയ്ത ഫണ്ടുകളിന്മേൽ വിശദമായി പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ചില ഏജന്റുമാർ മുഖേന പണം തട്ടിയത് സംബന്ധിച്ച പരാതി സ്ഥിരീകരിക്കുകയും വ്യാപക പരിശോധനയിൽ സമാന സംഭവങ്ങൾ കേരളത്തിൽ ഉടനീളം കണ്ടെത്തുകയും ചെയ്തിരുന്നു.
അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി. ലൈജു നൽകിയ പരാതിയിന്മേൽ നടന്ന അന്വേഷണത്തിലാണ് സഹായനിധി തട്ടിപ്പ് കണ്ടെത്തിയത്. അഞ്ചുതെങ്ങിലെ കോൺഗ്രസ് നേതാവ് മുഖാന്തരം അപേക്ഷ കൊടുത്താൽ കൂടുതൽ തുക കിട്ടുമെന്ന പ്രചാരണം പ്രാദേശികതലത്തിൽ ഉണ്ടായിരുന്നു. ഇതിന്മേൽ നടത്തിയ അന്വേഷണത്തിലാണ് അനർഹർ പണം കൈപ്പറ്റിയതായും ഇടനിലക്കാരൻ കമീഷൻ വാങ്ങിയതും കണ്ടെത്തിയത്. ഇതിനെതുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ചില സംശയങ്ങൾ ചൂണ്ടിക്കാട്ടിയും കോൺഗ്രസ് പ്രാദേശിക നേതാവിന്റെ പേരും നമ്പറും ഉൾപ്പെടുത്തി പരാതി നൽകിയത്. ഡിസംബറിലാണ് വി. ലൈജു ഇതുസംബന്ധിച്ച് പരാതി നൽകിയത്. പ്രാഥമിക പരിശോധനയിൽതന്നെ കൃത്രിമത്വം കണ്ടെത്തിയിരുന്നു. തുടർന്ന് ആരോപണവിധേയനായ പ്രാദേശിക നേതാവിനെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണത്തിലാണ് സമാനസ്വഭാവമുള്ള തട്ടിപ്പുകൾ സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്.
നിലവിൽ അഞ്ചുതെങ്ങ് പഞ്ചായത്തംഗവും മകളും വ്യാജ മെഡിക്കൽ രേഖ ഹാജരാക്കി ഒന്നരലക്ഷം രൂപ കൈപ്പറ്റിയത് കണ്ടെത്തി. പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള വ്യക്തിയും ഭാര്യയും മകളും വിവിധ രോഗകാരണങ്ങൾ പറഞ്ഞ് അപേക്ഷ നൽകി രണ്ടരലക്ഷം രൂപ കൈപ്പറ്റിയത് കണ്ടെത്തി. എന്നാൽ, ഇവർക്ക് ഇത്തരം രോഗങ്ങളില്ലെന്നാണ് വിവരം. ഇവിടെയും വ്യാജ മെഡിക്കൽ രേഖകൾ നൽകിയാണ് തട്ടിപ്പ്.
ഏജന്റായി പ്രവർത്തിച്ച പ്രാദേശിക നേതാവ് സർക്കാർ സർവിസിൽനിന്ന് വിരമിച്ച പെൻഷൻ വാങ്ങുന്ന സ്വന്തം പിതാവിന്റെ പേരിലും അപേക്ഷ നൽകി പണം കൈപ്പറ്റി. അതിനായി വ്യാജ റേഷൻ കാർഡും തയാറാക്കി. ഓരോ അപേക്ഷയിലെയും രേഖകൾ സംബന്ധിച്ച് വിവിധ വകുപ്പുകൾ പരിശോധന നടത്തുന്നുണ്ട്. സംഭവം വിവാദമായതോടെ അഞ്ചുതെങ്ങ് വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് അപേക്ഷകളിൽ പുനർ പരിശോധനകൾ നടക്കുകയാണ്. ആദ്യ ഘട്ടത്തിൽ പരാതിയുണ്ടായ അപേക്ഷകളിൽ മാത്രമായിരുന്നു പരിശോധന. ഇപ്പോൾ ഇവിടെനിന്നുള്ള എല്ലാ അപേക്ഷകളും അനുബന്ധ രേഖകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
ഓരോ ദിവസവും പുതിയ പരാതികൾ വരികയും വില്ലേജ് ഓഫിസിൽനിന്ന് ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് നൽകുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിഗമനം. യഥാർഥ രോഗികളായി പണം കൈപ്പറ്റിയ പലരും കമീഷൻ നൽകിയ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ശരാശരി 30 ശതമാനം തുക ഏജന്റ് കമീഷനായി ഗുണഭോക്താക്കളിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട്. മുൻകാലങ്ങളിൽ ദുരിതാശ്വാസനിധി ചെക്കുകൾ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളാണ് കൈമാറിയിരുന്നത്.
അന്ന് നാട്ടിൽ ഒരാൾക്ക് ചികിത്സ സഹായം കിട്ടിയാൽ മറ്റുള്ളവർ അറിയുമായിരുന്നു. നിലവിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് അയക്കുകയാണ്. അതിനാൽ ഗുണഭോക്താവ് മാത്രമേ അപേക്ഷ കൊടുത്ത കാര്യവും പണം കിട്ടിയ കാര്യവും അറിയൂ. അനർഹർ പണം കൈപ്പറ്റിയാലും നാട്ടുകാർ അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.