ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പുതിയ ട്രോമാകെയർ ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി വീണ ജോർജ്. വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രോമ കെയർ യൂണിറ്റ് സ്ഥാപിക്കുവാൻ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം ട്രോമ കെയർ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ മോർച്ചറി പണിയുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഒ.പി ബ്ലോക്ക് നവീകരിച്ചത്.
ദന്തൽ എക്സ്റേ യൂനിറ്റ്, ഫിസിയോതെറാപ്പി യൂനിറ്റ് എന്നിവ ഉൾപ്പെടെ നവീകരിച്ച ഒ.പി.ബ്ലോക്കിൽ സജ്ജമാകിയിട്ടുണ്ട്. പ്രതിദിനം 500 ഓളം രോഗികളാണ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്. ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് ആശുപത്രി നവീകരിച്ചത്.
ഒ.പി ബ്ലോക്കിനോടനുബന്ധിച്ച് ആരോഗ്യ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ പരിഗണിക്കുന്നതിന് വേണ്ടി ഒരു മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡോക്ടർമാരുടെ മുറികളെല്ലാം പൂർണമായും ശീതീകരിക്കുകയും ചെയ്തു.
ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.