ആറ്റിങ്ങൽ: പാർവതിപുരം ഗ്രാമം റോഡിലെ തെരുവുകച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഗ്രാമം മാർക്കറ്റ് വരെയുള്ള ഭാഗത്ത് കച്ചവടം നടത്തിയിരുന്ന മുപ്പതോളം ചെറുകിട കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തെരുവുകച്ചവടക്കാർക്ക് നഗരസഭ നേരത്തെ ഐ.ഡി കാർഡ് ഉൾപ്പെടെ നൽകിയിരുന്നു. ഇവരെയാണ് കുടിയൊഴിപ്പിച്ചത്. പാർവതീപുരം ഗ്രാമം റോഡിലെ 25 സ്ഥിരം തെരുവോരകച്ചവടക്കാർക്ക് ഒഴിഞ്ഞുപോകാൻ ഒരാഴ്ച മുമ്പ് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടു ദിവസങ്ങളിലായി കച്ചവടക്കാരെ ഒഴിപ്പിച്ചത്.
തെരുവോര കച്ചവടങ്ങൾ പൂർണമായി നീക്കം ചെയ്തു. ഈ സ്ഥലങ്ങളിൽ ഇനി തെരുവുകച്ചവടം അനുവദിക്കില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടിയെ തുടർന്ന് മുപ്പതിലേറെ കച്ചവടക്കാർ ഉപജീവന പ്രതിസന്ധിയിലായി. ഉന്തു വണ്ടികളിലും റോഡരികിൽ ടാർപോളിൻ വിരിച്ചുമാണ് ഇവിടെ തെരുവുകച്ചവടം നടന്നിരുന്നത്.
സ്ഥിരം കച്ചവടക്കാർക്ക് പുറമെ, താൽക്കാലിക കച്ചവടക്കാരും ഇവിടെ എത്തിയിരുന്നു. മുപ്പതോളം കുടുംബങ്ങളെയും അവരെ ആശ്രയിച്ചിരുന്ന വലിയൊരു ഉപഭോക്താക്കളെയും ബാധിച്ചിട്ടുണ്ട്. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കനോ ബദൽ മാർഗം കണ്ടെത്തുവാനോ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.