ആറ്റിങ്ങല്‍: വലിയകുന്ന് താലൂക്കാശുപത്രിയിലെ നിർമാണപ്രവര്‍ത്തനങ്ങള്‍ അനന്തമായി ഇഴയുന്നു. അത്യാഹിതവിഭാഗവും ഒ.പി ബ്ലോക്കും ക്രമീകരിക്കേണ്ട കെട്ടിടത്തിന്റെ ഒരുനില മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. തുടര്‍ന്നുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചില്ല. പൂര്‍ത്തിയായ ഭാഗം തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികളുമില്ല. പ്രസവ വാര്‍ഡിന് തറക്കല്ലിട്ടത് നാല് വര്‍ഷം മുമ്പാണ്. ഇപ്പോഴും തറയൊരുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ. അത്യാഹിത വിഭാഗവും ഒ.പി ബ്ലോക്കും ഉള്‍പ്പെടെയുള്ളവ ആസൂത്രണം ചെയ്തിട്ടുള്ള കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിയുന്നു. നാല് നിലയുള്ള കെട്ടിടത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 3.5 കോടി അനുവദിച്ചു. കിഫ്ബിയില്‍ നിന്നാണ് തുക വകയിരുത്തിയത്. ഇതുപയോഗിച്ച് 5500 ചതുരശ്രയടി വിസ്തൃതിയില്‍ ഭൂനിരപ്പിലുളള നില നിർമിച്ചു.
തുടര്‍ന്നുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക അനുവദിച്ചിട്ടില്ല. പൂര്‍ത്തിയായ ഭാഗത്ത് ഇലക്ട്രിക്, പ്ലംബിങ്, പെയിന്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്താനുണ്ട്. ഈ കെട്ടിടം തുറക്കാന്‍ കഴിഞ്ഞാല്‍ അത്യാഹിത വിഭാഗം, ലാബ്, എക്സ്റേ എന്നീ യൂനിറ്റുകള്‍ ഇവിടേക്ക് മാറ്റാന്‍ സാധിക്കും. അത്യാഹിത വിഭാഗത്തിന് മുകളിലായി മൂന്ന് നിലകളിലാണ് ഒ.പി ബ്ലോക്ക് സജ്ജമാക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇതിനായി ആറു കോടിയുടെ പദ്ധതി തയ്യാറാക്കി അംഗീകാരത്തിന് സമര്പ്പി ച്ചിട്ട് വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
ഒ.പി ബ്ലോക്കിനോട് ചേര്‍ന്നാണ് പ്രസവ വാര്‍ഡ് നിര്‍മ്മിക്കുന്നത്. ഇതിനായി 2020 സെപ്റ്റംബര്‍ 15 ന് തറക്കല്ലിട്ടു. 3.5 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. മരങ്ങളെല്ലാം മുറിച്ചുനീക്കി മണ്ണിടിച്ച് ഭൂമി നിരപ്പാക്കിയശേഷം സംരക്ഷണഭിത്തിയൊരുക്കുന്ന ജോലികളാണ് നടക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ദിവസവും ആയിരത്തഞ്ഞൂറോളം പേര് ചികിത്സതേടിയെത്തുന്നുണ്ട്.
ആശുപത്രിയില്‍ അത്യാഹിതവിഭാഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആളുകള്‍ക്ക് നിന്നുതിരിയാന്‍ കൂടിയ ഇടമില്ലാത്ത കെട്ടിടത്തിലാണ്. അടിയന്തര ചികിത്സ തേടിയെത്തുന്നവരും ബന്ധുക്കളും കയറുന്നതോടെ ഇവിടം നിറയും. കുത്തിവെപ്പ് മുറി, മരുന്ന് വെച്ചുകെട്ടല് മുറി എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാം കൂടിയാകുന്നതോടെ ജീവനക്കാര്‍ വിഷമത്തിലാകും. അത്യാഹിതവിഭാഗവും ഒ.പി.ബ്ലോക്കും പുതിയ കെട്ടിടത്തിലായാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.