തിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷെരീഫിലെ ഇക്കൊല്ലത്തെ ഉറൂസ് ഡിസംബർ മൂന്നുമുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് രാവിലെ എട്ടിന് പ്രാർഥനയും പട്ടണപ്രദക്ഷിണവും നടക്കും. 10.30ന് സമൂഹപ്രാർഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന് ജമാഅത്ത് പ്രസിഡന്റ് എം.പി. അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് എം.കെ. ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12വരെ ദിവസവും രാത്രി 9.30 മുതൽ മതപ്രഭാഷണം ഉണ്ടാകും.
എട്ടിന് വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് വൈകീട്ട് 6.30ന് പ്രതിഭാസംഗമം, 10ന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന് രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും. സമാപന ദിവസമായ 13ന് പുലർച്ച ഒന്നിനുള്ള പ്രാർഥനക്ക് ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും. 1.30ന് പട്ടണപ്രദക്ഷിണം. പുലർച്ച നാലിന് കൂട്ടപ്രാർഥനക്ക് അബ്ദുറഹുമാൻ മുത്തുകോയ തങ്ങൾ അൽ ബുഹാരി നേതൃത്വം നൽകും. രാവിലെ ആറിന് ഖത്തമുൽ ഖുർആൻ, നേർച്ച വിതരണം എന്നിവ നടക്കും.
ഉറൂസ് ദിനങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽനിന്ന് ബീമാപള്ളിയിലേക്ക് പ്രത്യേക സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എം.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ബാദുഷ സൈനി, ട്രഷറർ സബൂർഖാൻ, വൈസ് പ്രസിഡന്റ് എം.കെ. ബാദുഷ, മുഹമ്മദ് ഇബ്രാഹിം, അസീം, ഹിദായത്ത് സാദത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.