കാട്ടാക്കട: സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ വിളിച്ച യോഗത്തിനിടെ വിദ്യാർഥികൾ തമ്മിലടിച്ചു. പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്. അക്രമകാരികളായ വി ദ്യാർഥികള്‍ സ്കൂളിലെ നൂറോളം കസേരകളും അടിച്ച്പൊട്ടിച്ചു. പൂവച്ചൽ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനായി വിളിച്ച യോഗത്തിനിടെയാണ് വീണ്ടും ഏറ്റുമുട്ടിയത്. അക്രമം തടയാൻ ശ്രമിക്കവെയാണ് പ്രിൻസിപ്പലിനും പി. ടി.എ. പ്രസിഡന്റിനും കസേര കൊണ്ടടികിട്ടിയത്. അടിയേറ്റ് മൂക്കിൽ നിന്നു ചോര വാർന്ന പ്രിൻസിപ്പൽ പ്രിയ(47), പി.ടി.എ. പ്രസിഡന്റ് അഡ്വ. ആർ. രാഘവലാൽ (45) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് അധ്യാപകര്‍ക്കും പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 11,12 ക്ളാസുകളിലെ 18 വിദ്യാർഥികളെ പുറത്താക്കി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസിലെ വിദ്യാർഥികൾ തമ്മിൽ കളിയാക്കുന്നതിന്റെ പേരിൽ കുറച്ചു ദിവസങ്ങളായി സ്കൂളിലും പൂവച്ചല്‍ പ്രദേശത്തും സംഘർഷം ഉണ്ടായിരുന്നു. വിദ്യാർഥി സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വിദ്യാർഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമം ദിവസവും കൂടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് വിഷയം പരിഹരിക്കാനായി പഞ്ചായത്തംഗം കൂടിയായ പി.ടി.എ പ്രസിഡന്റ് രാഘവലാൽ മുൻകൈയെടുത്ത് തിങ്കളാഴ്ച രാവിലെ 10 ന് സ്കൂളിലെ കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചത്.
പ്രിൻസിപ്പൽ മൂക്കിൽ നിന്നു ചോര വാർന്ന് ബോധരഹിതയായി നിലത്തു വീണപ്പോൾ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് രാഘവലാലിനും കസേര കൊണ്ടുള്ള അടിയേറ്റത്. ഇതിനിടിയാണ് അധ്യാപകരായ സുചിത്ര, സനല്‍, ഷിബു എന്നിവര്‍ക്കും അടികിട്ടിയത്.
വിദ്യാർഥികളുടെ അക്രമം സംബന്ധിച്ച് കാട്ടാക്കട പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയതോടെയാണ് നിയന്ത്രണവിധേയമായത്. തുടർന്ന് പ്രശ്നമുണ്ടാക്കിയ എല്ലാ വി ദ്യാർഥികളുടെയും രക്ഷാകർത്താക്കളെ പോലീസ് സ്കൂളിലേക്ക് വിളിച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം വിടുകയായിരുന്നു. 20 വിദ്യാർഥികള്‍ക്കെതിരെ ക്കെതിരെ കേസെടുത്തതായി കാട്ടാക്കട പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.