കെട്ടിട നമ്പർ തട്ടിപ്പ്: കെട്ടിട ഉടമ ഒളിവിൽ

തിരുവനന്തപുരം: കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കെട്ടിട ഉടമ അജയഘോഷ് ഒളിവിൽ. ചോദ്യം ചെയ്യുന്നതിന് പലതവണ അന്വേഷണസംഘം കേശവദാസപുരത്തുള്ള ഇയാളുടെ വീട്ടിലെത്തിയെങ്കിലും കഴിഞ്ഞ നാല് ദിവസമായി വീട് പൂട്ടിയിട്ട നിലയിലാണ്. ഇ‍യാളുടെ മൊബൈൽ നമ്പറും സ്വിച്ച് ഓഫാണ്. അറസ്റ്റ് പേടിച്ച് ഇയാൾ മുങ്ങിയതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

മരപ്പാലം ടി.കെ. ദിവാകരൻ റോഡിലെ രണ്ട് കെട്ടിടങ്ങൾക്കാണ് അജയഘോഷ് അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയത്. കേശവദാസപുരത്തെ ബിൽ കലക്ടറുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ഇടനിലക്കാർ വഴി ജനുവരി 28ന് രാവിലെ 8.26നാണ് അപേക്ഷ കമ്പ്യൂട്ടറിൽ എന്‍റർ ചെയ്തിരിക്കുന്നത്. റവന്യൂ ഇൻസ്പെക്ടറുടെ പാസ്വേഡ് ഉപയോഗിച്ച് 8.30ന് പരിശോധിക്കുകയും 8.37ന് റവന്യൂ ഓഫിസറുടെ പാസ്വേഡ് ഉപയോഗിച്ച് സി 15/ 2909 (1), ടിസി 15/ 2909 (2) നമ്പർ അനുവദിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. അജയഘോഷിനെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസിന് സാധിക്കൂ.

അതേസമയം കെട്ടിട നമ്പർ നൽകുന്ന സഞ്ചയ സോഫ്റ്റ്വെയർ ഹാക്ക് ചെയ്താണ് ഇത്തരമൊരു തട്ടിപ്പ് നടന്നതെന്ന ആരോപണവും സൈബർ ക്രൈം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സോഫ്റ്റ്വെയർ ഡെവലപ്പേഴ്സായ ഇന്‍ഫര്‍‌മേഷന്‍ കേരള മിഷനോട് (ഐ.കെ.എം) ലോഗിൻ ഐ.ഡി, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ ഡിവൈ.എസ്.പി ശ്യാംലാൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Building number fraud: Building owner absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.