കെട്ടിട നമ്പർ തട്ടിപ്പ്: മുൻ എസ്.ഐയുടെയും കൗൺസിലറുടെയും പങ്ക് അന്വേഷിക്കുന്നു

തിരുവനന്തപുരം: കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ മുൻ എസ്.ഐക്കെതിരെയും മുൻ കൗൺസിലർക്കെതിരെയും പൊലീസ് അന്വേഷണം നീങ്ങുന്നു. കെട്ടിട ഉടമ അജയ്ഘോഷിന് വ്യാജ കെട്ടിടനമ്പർ സംഘടിപ്പിച്ച് നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിച്ചെന്ന വിവരത്തി‍െൻറ അടിസ്ഥാനത്തിലാണ് റിട്ട. ഉദ്യോഗസ്ഥനായ എസ്.ഐക്കെതിരെയും ഇദ്ദേഹത്തി‍െൻറ ബന്ധുവായ മുൻ കോർപറേഷൻ കൗൺസിലർക്കെതിരെയുമുള്ള അന്വേഷണം.

അതേസമയം അറസ്റ്റ് നടപടികൾ ഭയന്ന് കെട്ടിട ഉടമ അജയ്ഘോഷ് മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. മരപ്പാലം ടി.കെ. ദിവാകരൻ റോഡിലെ രണ്ട് കെട്ടിടങ്ങൾക്കാണ് അജയഘോഷ് അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയത്. റോഡിന് തൊട്ടടുത്തായി മുറിക്ക് പുറത്തേക്ക് ഷീറ്റ് കെട്ടിയ കെട്ടിടത്തിന് നിയമാനുസൃതം കെട്ടിട നമ്പർ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇയാൾ സുഹൃത്തായ മുൻ എസ്.ഐയുമായി ബന്ധപ്പെട്ടത്.

എസ്.ഐ വഴിയായിരുന്നു തുടർന്നുള്ള ചരടുവലികൾ. പലകാര്യങ്ങളിലും അജയഘോഷി‍െൻറ സഹായിയായിരുന്ന എസ്.ഐ, കെട്ടിട നമ്പർ സംഘടിപ്പിക്കുന്നത് ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒരുലക്ഷം രൂപ ആദ്യം നല്‍കി. സോഫ്റ്റ്വെയറിൽ ഉദ്യോഗസ്ഥരെക്കൊണ്ട് തിരിമറി നടത്താൻ ഇടപെട്ടത് മുൻ കോർപറേഷൻ കൗൺസിലറാണ്. നമ്പര്‍ കിട്ടിയ ഉടന്‍തന്നെ 50,000 രൂപയും അജയ്ഘോഷ് നല്‍കിയതാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ആരൊക്കെ തട്ടിപ്പിൽ പങ്കാളിയായിട്ടുണ്ടെന്ന് കണ്ടെത്തുന്നതിന് കോർപറേഷൻ ആസ്ഥാനത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കേണ്ടി വരും. ഇതിനായി സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങി‍െൻറയും (സി-ഡാക്) കേരള ഐ.ടി മിഷ‍െൻറയും സഹായം പൊലീസ് തേടി. ആറുമാസത്തെ ദൃശ്യങ്ങൾ തേടിയാണ് സൈബർ ക്രൈം ഡിവൈ.എസ്.പി ടി. ശ്യാംലാൽ സി-ഡാക്ക്, ഐ.ടി മിഷന്‍ മേധാവികൾക്ക് കഴിഞ്ഞദിവസം കത്ത് നൽകിയത്. 2022 ജനുവരി 28നാണ് തട്ടിപ്പിനാസ്പദമായ സംഭവം നടന്നത്. 111 ഹൈ ഡെഫനിഷൻ കാമറകളാണ് കോർപറേഷനുള്ളിൽ പ്രവർത്തനത്തിലുള്ളത്. 25 ജി.ബി സ്റ്റോറേജാണ് ഓരോ കാമറക്കുമുള്ളത്. ഒരുമാസത്തെ ദൃശ്യങ്ങൾ ശേഖരിച്ചശേഷം ഇവ സ്വയമേ ഡിലീറ്റായി പോകും.

ഇത്തരത്തിൽ ആറുമാസത്തെ ദൃശ്യങ്ങളാണ് ഹാർഡ് ഡിസ്കിൽനിന്ന് വീണ്ടെടുക്കാനുള്ളത്. ഇതിനുള്ള സാങ്കേതിക സഹായമാണ് പ്രത്യേക അന്വേഷണസംഘം ഡി-ഡാക്കിനോടും ഐ.ടി മിഷനോടും ആവശ്യപ്പെട്ടിരിക്കുന്നത്.

തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ കാമറ ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിന് സഹായം അഭ്യർഥിച്ച് മേയർ ആര്യ രാജേന്ദ്രനും സി-ഡാക്കിന് കത്ത് നൽകിയിരുന്നു. കെൽട്രോണാണ് കാമറകൾ സ്ഥാപിച്ചത്. അതിനാൽ ആദ്യം കെൽട്രോണി‍െൻറ സഹായം മേയർ തേടിയിരുന്നെങ്കിലും ആറുമാസത്തെ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള സാങ്കേതിക സംവിധാനം തങ്ങളുടെ പക്കലില്ലെന്നും ചൂണ്ടിക്കാട്ടി കെൽട്രോൺ കൈമലർത്തുകയായിരുന്നു.

തുടർന്നാണ് കെൽട്രോണി‍െൻറ നിർദേശപ്രകാരം സി-ഡാക്കിനെ സമീപിച്ചത്. ഇന്നലെ കോർപറേഷനിലെത്തിയ പൊലീസ് സംഘം വിശദമായ തെളിവെടുപ്പ് നടത്തി. 

Tags:    
News Summary - Building number scam: Probing role of former SI and councillor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.