തിരുവനന്തപുരം: ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുക. സ്റ്റേറ്റ് ജി.എസ്.ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് നല്‍കാമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദേശീയപാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി.
സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുന്നതാണ് തിരുവനന്തപുരം ഔട്ടര്‍ റിങ്റോഡിനുള്ള കേന്ദ്ര അംഗീകാരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി സമയബന്ധിതമായി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയപാത അതോറിറ്റിയുമായി യോജിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാത അതോറിറ്റിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡിന് അംഗീകാരം നല്‍കണമെന്ന് മുഖ്യമന്ത്രി ഡൽഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും കേന്ദ്രമന്ത്രിയെ കണ്ട് പ്രത്യേകമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ഔട്ടര്‍ റിങ് റോഡിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തിവരുകയായിരുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായുള്ള പൊതുമരാമത്ത് വകുപ്പിന്റെ യോഗത്തിലും ഇത് പ്രധാന അജണ്ടയാണ്.
കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും ഉദ്യോഗസ്ഥര്‍ക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.