തിരുവനന്തപുരം: കെ-ഫോൺ ഉദ്ഘാടനച്ചടങ്ങിലെ സംവാദത്തിനിടെ റവന്യൂ വകുപ്പിലെ അഴിമതിയെ കുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ ഇടതടവില്ലാതെ ലഭിക്കുന്ന സ്മാർട്ട് ഇന്റർനെറ്റ് സേവനങ്ങൾ ഉപകാരപ്രദമാകുമെന്ന വില്ലേജ് ഓഫിസ് ജീവനക്കാരുടെ പ്രതികരണത്തിന് മറുപടിയായാണ് ‘വില്ലേജ് ഓഫിസുകൾ സ്മാർട്ടാകുന്ന കാലമാണിതെന്നും അതിനിടക്ക് ചെറിയ ചീത്തപ്പേര് സമ്പാദിക്കാൻ പറ്റിയെങ്കിലും നല്ല നിലയിലുള്ള സ്മാർട്നസാണ് നമുക്കിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശനം.
തിരുവനന്തപുരം: കെ-ഫോൺ ഉദ്ഘാടനവേളയിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ പ്രധിനിധീകരിക്കുന്ന ഉപഭോക്താക്കൾ മുഖ്യമന്ത്രിയുമായി ഓൺലൈനിൽ സംവദിച്ചു. നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തിൽനിന്നുള്ള നഴ്സിങ് വിദ്യാർഥിനി വിസ്മയ, വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനി നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികൾ, കോട്ടയം കൂവപ്പള്ളി വില്ലേജ് ഓഫിസ് അധികൃതർ എന്നിവരാണ് കെ-ഫോൺ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച തങ്ങളുടെ അനുഭവം മുഖ്യമന്ത്രിയുമായി പങ്കുവെച്ചത്.
തന്റെ പാഠ്യപ്രവർത്തനങ്ങളിൽ കെ-ഫോൺ പ്രയോജനപ്പെട്ടെന്നും ഓൺലൈൻ ക്ലാസുകളിൽ തടസ്സമില്ലാതെ പങ്കെടുക്കാൻ സാധിച്ചെന്നും വിസ്മയ പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്നതുപോലുള്ള സേവനം ഇനിയും ഒരുപാട് സ്ഥലങ്ങളിലെത്തണമെന്ന ആവശ്യമാണ് പന്തലാടിക്കുന്ന് നിവാസികൾക്കുള്ളത്.
എല്ലാവരിലേക്കും ഇന്റർനെറ്റ് സേവനങ്ങളെത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമായിരുന്നു മുഖ്യമന്ത്രിയുമായി പിന്നീട് സംസാരിച്ചത്. പഠനപ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾക്ക് അധ്യാപകർ നന്ദി അറിയിച്ചു.
കഴക്കൂട്ടം: കെ ഫോൺ കഴക്കൂട്ടം മണ്ഡലം തല ഉദ്ഘാടനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ ജയമോഹനൻ, എൽ.എസ്. ആതിര, ജിഷാ ജോൺ, ഡി. രമേശൻ, ആർ. ശ്രീകുമാർ, പ്രിൻസിപ്പൽ ഐ. ബിന്ദു, എച്ച്. എം ഷീജ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.