തിരുവനന്തപുരം: ജില്ലയിൽ മൂന്ന് മേഖലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിൽ. നെയ്യാറ്റിൻകരയിലും പേരൂർക്കടയിലുമാണ് ഇതുവരെ രോഗം കണ്ടെത്തിയതെങ്കിൽ കഴിഞ്ഞ ദിവസമാണ് ജില്ലയിലെ വടക്കൻ മേഖലയും ജില്ല അതിർത്തിയുമായ നാവായിക്കുളത്ത് യുവതിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. ഒരാൾ നേരത്തെ മരിച്ചിരുന്നു.
യുവാക്കളിൽ രോഗബാധ സംസ്ഥാനത്ത് ഇതാദ്യമാണ്. ഇത്രയധികം രോഗികൾ ഒരേ സമയം ചികിത്സയിലുള്ളതും ആദ്യം. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് നിരീക്ഷണവും പ്രതിരോധവും കർശനമാക്കിയത്. നാവായികുളത്ത് രോഗം സ്ഥിരീകരിച്ച യുവതി സമീപത്തെ തോട്ടിൽ കുളിച്ചിരുന്നതായി ആരോഗ്യപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. ആറു പേർക്ക് രോഗബാധയുണ്ടായ നെയ്യാറ്റിൻകര അതിയന്നൂരിലാണ് ഏറ്റവും കൂടുതൽ രോഗികൾ. സമീപത്തിലെ കുളവുമായി സമ്പർക്കമുള്ളവരാണ് ഇവർ ആറ് പേരും.
പേരൂർക്കടയിലെ രോഗിക്ക് എവിടെ നിന്ന് രോഗം കിട്ടിയെന്ന് വ്യക്തമല്ല. പകർച്ചവ്യാധിയല്ലാത്ത അമീബിക് മസ്തിഷ്ക ജ്വരം അപൂർവങ്ങളിൽ അപൂർവമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്ന ആളുകളിൽ വളരെ അപൂര്വമാമായണ് ഇത് പിടിപെടുന്നത്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ ഇത്രയധികം കേസുകൾ എങ്ങനെ ഉണ്ടായി എന്നതിനും കൃത്യമായ മറുപടിയില്ല.
തലസ്ഥാന ജില്ലയിൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് പഠനം നടത്താൻ ഐ.സി.എം.ആർ സംഘം എത്തും. ആരോഗ്യ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘത്തെ ഐ.സി.എം.ആർ നിയോഗിച്ചത്. സംസ്ഥാനത്തെ ജലാശയങ്ങളിൽ അമീബയുടെ സാന്ദ്രത സംബന്ധിച്ചും സംഘം പഠനം നടത്തും. അപൂർവ രോഗമാണെന്നതിനാൽ ചികിത്സക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു.
കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് . 97 ശതമാനം മരണനിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര് മാത്രമാണ്. കേരളത്തില്‍ രണ്ടു പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.