തിരുവനന്തപുരം: കടയ്ക്കാവൂർ ‘നേതാജി ഭവനി’ലെ ഹാളിനുള്ളിലേക്ക് അന്ന് യോഗത്തിനെത്തിയത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. 30 പേരില്ലാതെ യോഗം ചേരാനാകില്ല, സംഘടന തുടരാനും. നിയമങ്ങൾ കർശനമായി പാലിക്കുന്ന ഐ.എൻ.എ ഭടന്മാർ അവരുടെ നിയമാവലി തെറ്റിച്ചില്ല.
ക്വാറം തികയാത്തതിനാൽ സംഘടന പ്രവർത്തനം അവസാനിച്ചതായി പ്രഖ്യാപിച്ചു. അങ്ങനെ 50 വർഷത്തിലേറെ നീണ്ട പ്രവർത്തനത്തിന് സമാപനം. കേരളത്തിലെ ഐ.എൻ.എ ഭടന്മാരുടെ കൂട്ടായ്മമയായ ‘കേരള എക്സ് ഐ.എൻ.എ അസോസിഷയേഷൻ’ പ്രവർത്തനം നിലച്ചിട്ട് രണ്ട് പതിറ്റാണ്ടാവുന്നു. പ്രവർത്തനം നിർത്തി അധികം വൈകാതെ 2006ൽ സംഘടനയുടെ സ്വത്തുക്കൾ സർക്കാറിന് കൈമാറി.
സ്വാതന്ത്ര്യം ലക്ഷ്യമിട്ട് വീട് വിട്ട് പോരാട്ടത്തിനായി പുറപ്പെട്ടവർ പിന്നീട് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നൽകിയത് വലിയ പ്രാധാന്യമായിരുന്നു.
ഒപ്പം യുദ്ധങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയിൽ കെടുതികൾ അനുവഭിക്കുന്നവർക്കും ഐ.എൻ.എക്കാരുടെ സഹായഹസ്തമെത്തി. ആശുപത്രി കെട്ടിടങ്ങൾ നിർമിച്ച് നൽകിയും അശരണരുടെ കണ്ണീരൊപ്പിയും നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ചരിത്രം കൂടിയുണ്ട് ഈ സംഘടനക്ക്. പ്രായാധിക്യത്താൽ ഭൂരിഭാഗം പേർക്കും യോഗത്തിനെത്താനാകാതെ വരികയും ജീവിച്ചിരിക്കുന്നവർ കുറഞ്ഞുവരികയും ചെയ്തതോടെയാണ് 90കളുടെ അവസാനത്തിൽ സംഘടനാശക്തി കുറഞ്ഞുതുടങ്ങിയത്.
2000ത്തിന്റെ തുടക്കത്തോടെ സംഘടനയിൽ സജീവമാകാൻ സാധ്യമാവുന്നവരുടെ എണ്ണം പിന്നെയും കുറഞ്ഞു. പൊതുയോഗത്തിൽ 30 സ്ഥിരാംഗങ്ങൾ ഹാജരായില്ലെങ്കിൽ യോഗ നടപടികൾ തുടരാനാവില്ലെന്നാണ് നിയമാവലി. ഇങ്ങനെ സംഭവിച്ചാൽ വീണ്ടും അംഗങ്ങൾക്ക് നോട്ടീസ് നൽകി ഒരു മാസത്തിനകം യോഗം വിളിക്കണം. ആ യോഗത്തിലും 30 പേരില്ലെങ്കിൽ മൂന്നാമതും നോട്ടീസ് നൽകി ഒരുമാസത്തിനകം പൊതുയോഗം വിളിക്കണം. ആ യോഗത്തിലും 30 സ്ഥിരാംഗങ്ങൾ എത്തിയില്ലെങ്കിൽ ‘ദി കേരള എക്സ് ഐ.എൻ.എ അസോസിയേഷൻ പ്രവർത്തനം അവസാനിച്ചുവെന്ന് കരുതപ്പെടേണ്ടതാണ്’ എന്നായിരുന്നു നിയമം.
അവസാനം ചേർന്ന യോഗത്തിലും 30 പേർ എത്താതിരുന്നതോടെ പ്രവർത്തനം നിർത്തിയ സംഘടന, ജനറൽ സെക്രട്ടറി എ.എൻ. ശിവാനന്ദന്റെ നേതൃത്വത്തിൽ പിന്നീടുള്ള നടപടികൾ വേഗത്തിലാക്കി. സംഘടനയുടെ ആസ്ഥാന മന്ദിരമായ ‘നേതാജി’ ഭവനും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളും ഏറ്റെടുക്കാൻ സർക്കാറിന് കത്ത് നൽകി. ‘പ്രവർത്തനം നിർത്തി 15 ദിവസത്തിനകം ഓഫിസും ബാങ്ക് നിക്ഷേപവും ഭാരവാഹികളുടെ കൈവശമുള്ള പണവുമടക്കം കേരള സർക്കാറിന് കൈമാറണമെന്ന’ നിയമാവലി അവർ അക്ഷരംപ്രതി പാലിച്ചു.
മാസങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്ത ആസ്ഥാന മന്ദിരത്തിൽ പിന്നീട് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം തുടങ്ങി. ‘നേതാജി ഭവൻ’ എന്ന പേരും മുന്നിലെ നേതാജി പ്രതിമയും ഇന്നും അവിടെയുണ്ട്. സ്വാതന്ത്ര്യ സമരമുഖത്ത് ധീരതയോടെ നിലകൊണ്ട കുറേ മനുഷ്യരുടെ സ്മരണകളുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.