കല്ലമ്പലം: മസ്തിഷ്കജ്വരം പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതം; പുതിയ രോഗലക്ഷണങ്ങൾ ഇല്ലാത്തത് ആശ്വാസം. പഞ്ചായത്ത് കമ്മിറ്റി പ്രവർത്തനഅവലോകനം നടത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതമതിയെന്നും അധികൃതർ അറിയിച്ചു. നാവായിക്കുളം പോരേടംമുക്ക് സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചതോടെതന്നെ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
മെഡിക്കൽ ഓഫിസർ, സി.എച്ച്.സി സൂപ്രണ്ട്, എച്ച്.ഐ, ജെ.എച്ച്.ഐമാർ, ആശാപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകി. കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങളെ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസുകളും നടത്തി. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
യുവതിക്ക് രോഗബാധക്കുകാരണമായ തോട് തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കി. ഈ തോടുമായി സമ്പർക്കമുള്ള 19 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവർക്കാർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തത് ആശ്വാസം പകരുന്നുണ്ട്. ജലത്തിന്റെ പരിശോധനഫലം ഇനിയും ലഭിച്ചിട്ടില്ല. അമീബിക് മസ്തിഷ്കജ്വരത്തിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർനടപടികൾ നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗങ്ങൾ ചേർന്ന് വിലയിരുത്തുന്നുണ്ട്. നിലവിൽ രോഗം റിപ്പോർട്ട് ചെയ്ത വാർഡും സമീപവാർഡുകളും തുടർച്ചയായി പനിനിരീക്ഷണം ഉൾപ്പെടെ നടത്തുന്നുണ്ട്.
ആഗസ്റ്റ് 28 വരെ ഈ നിരീക്ഷണപ്രവർത്തനങ്ങൾ തുടരും. പൊതുജനങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മൈക്ക് അനൗൺസ്മെൻറ്, വീടുകൾ കേന്ദ്രീകരിച്ചുള്ള ലഘുലേഖ വിതരണം, സ്കൂളുകളിലും വാർഡ് കേന്ദ്രങ്ങളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജലാശയ ശുചീകരവും ഉപയോഗവും സംബന്ധിച്ച ബോർഡുകൾ ഇതിനകം സ്ഥാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് കുമാർ വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.