തിരുവനന്തപുരം: നിയമപോരാട്ടങ്ങൾക്കൊടുവിൽ സഹകരണ വകുപ്പിൽ നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റത്തിലും തിരിമറി. കരട് പട്ടികയിൽ ഉൾപ്പെട്ടവരെ അന്തിമ ഉത്തരവിൽനിന്ന് ഒഴിവാക്കുകയും കരട് പട്ടികയിൽ ഉൾപ്പെടാത്തവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
ഒരു ജില്ലയിൽ മൂന്ന് വർഷത്തിൽ താഴെ സർവിസ് ഉള്ളവരെ ഓൺലൈൻ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനും കരട് ലിസ്റ്റിൽ ഉൾപ്പെടുത്താനും തയാറായെങ്കിലും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.
പോരായ്മകൾ പരിഹരിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് കോഓപറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണനും ജനറൽ സെക്രട്ടറി കെ.വി. ജയേഷും പറഞ്ഞു. കേരളത്തിലെ എല്ലാ വകുപ്പിലും സ്ഥലംമാറ്റം ഓൺലൈൻ വഴിയാക്കണമെന്ന സർക്കാർ ഉത്തരവ് ഇറങ്ങി ഏഴ് വർഷത്തിനുശേഷമാണ് നിയമപോരാട്ടത്തിലൂടെ സഹകരണ വകുപ്പിൽ നടപ്പാക്കാൻ വഴിതുറന്നത്.
അടുത്ത കാലത്തായി സഹകരണ സ്ഥാപനങ്ങളിലുണ്ടായ അഴിമതികൾ പുറത്തുവന്ന സന്ദർഭങ്ങളിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്യപ്പെട്ടിരുന്നു. മറ്റ് സർക്കാർ വകുപ്പുകളിൽ നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റം സഹകരണ വകുപ്പിൽ നടപ്പിലാക്കാത്തതിനെ തുടർന്നാണ് കേരള കോഓപറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷനാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഓൺലൈൻ സ്ഥലംമാറ്റം മാത്രമേ സഹകരണ വകുപ്പിൽ നടപ്പിലാക്കാനാവൂവെന്ന് പലതവണ ഉത്തരവ് വന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. സഹകരണ വകുപ്പ് ഇറക്കിയ പല സ്ഥലംമാറ്റ ഉത്തരവുകളും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കുന്ന സാഹചര്യവുമുണ്ടായി. 2024ൽതന്നെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് ട്രൈബൂണൽ അന്ത്യശാസനം നൽകി. തുടർന്നും ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാതെ വൈകിപ്പിച്ചതിനെ തുടർന്ന് കോടതിയലക്ഷ്യ നടപടിയിലേക്ക് കാര്യങ്ങൾ നീക്കി.
ഇതോടെയാണ് 318 ഉദ്യോഗസ്ഥരുടെ അപേക്ഷ പരിഗണിച്ച് ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഇതിലാണ് വ്യപക തിരിമറി നടന്നതായി പരാതിയുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.