തിരുവനന്തപുരം: ആറ്റുകാൽ സ്വിവറേജ് പദ്ധതിയുടെ പുതുക്കിയ രൂപരേഖയിൽനിന്ന് അമ്പലത്തറ വാർഡിനെ ഒഴിവാക്കിയതിനെ തുടർന്ന് സി.പി.എം -സി.പി.ഐ പോര് രൂക്ഷമായി. കോർപറേഷൻ ഭരിക്കുന്നത് ഇടതുപക്ഷമായിട്ടുകൂടി ഘടകകക്ഷിയായ സി.പി.ഐയുടെ കൗൺസിലറെ തഴഞ്ഞ് ബി.ജെ.പി കൗൺസിലർ പ്രതിനിധാനം ചെയ്യുന്ന കാലടി വാർഡിനെ ഉൾപ്പെടുത്തിയതാണ് പോരിന് കാരണം.
സ്വിവറേജ് പദ്ധതി രൂപരേഖയിൽ തുടക്കം മുതലുണ്ടായിരുന്നത് ആറ്റുകാൽ, കമലേശ്വരം, അമ്പലത്തറ വാർഡുകളാണ്. സ്വിവറേജ് പമ്പ് ഹൗസിനുള്ള സ്ഥലം കണ്ടെത്തിയതും അമ്പലത്തറയിലെ കല്ലടിമുഖത്താണ്. എന്നാൽ, പദ്ധതി രൂപരേഖ പുതുക്കിയപ്പോൾ ആദ്യമുണ്ടായിരുന്നതിന്റെ 20 ശതമാനമായി വെട്ടിക്കുറച്ചു.
അമ്പലത്തറ ജങ്ഷനിൽ ശനിയാഴ്ച സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കൗൺസിലർ വി.എസ്. സുലോചനൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും റെസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനുപേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മുമ്പുള്ള തോതിൽ സ്വിവറേജ് പദ്ധതി പൂർണമായി നടപ്പാക്കാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. ശിവൻകുട്ടി അടിയന്തരമായി ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അമ്പലത്തറയെ ഒഴിവാക്കാൻ മന്ത്രി ഇടപെട്ടെന്ന ആരോപണം ഉയർന്നിരുന്നു. പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടാൽ ജനങ്ങളോടൊപ്പം നിന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നാണ് വി.എസ്. സുലോചനന്റെ നിലപാട്.
വികസനം ആവശ്യപ്പെടുമ്പോൾ ജനങ്ങളെ വർഗീയവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് തരംതാഴ്ന്ന രാഷ്ട്രീയ പ്രചാരണമാണെന്നും അതിനെതിരെയുള്ള താക്കീതാണ് ജനകീയ കൂട്ടായ്മയിലെ പങ്കാളിത്തമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ സ്വാഗത് നഗർ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ലബ്ബ അധ്യക്ഷതവഹിച്ചു. മുഹമ്മദ് ഹുസൈൻ സേട്ട് , വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടന- റെസിഡൻറ്സ് അസോസിയേഷൻ നേതാക്കളായ കാലടി ജയചന്ദ്രൻ, എം എസ്. താജുദ്ദീൻ, മുജീബ് റഹ്മാൻ, സിന്ധു, വരദരാജൻ നായർ, പഴഞ്ചിറ മാഹീൻ, ശ്രീകുമാർ, അൻവർ മീരാൻ, സി. സുരേന്ദ്രൻ, കുട്ടപ്പൻ, എം.എസ്. സുജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.