തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയത് രോഗികളെ വലച്ചു. സർക്കാർ-സ്വകാര്യമേഖലയിലെ ഡോക്ടർമാരുടെ സംഘടനകൾ മുൻകൂട്ടി സമരം പ്രഖ്യാപിച്ചെങ്കിലും ഇതറിയാതെ എത്തിയ നൂറുകണക്കിനാളുകളാണ് നിരാശരായി മടങ്ങിയത്.
സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലടക്കം ഒ.പികൾ പൂർണമായും ഒഴിവാക്കിയായിരുന്നു ഡോക്ടർമാരുടെ സമരം. അത്യാഹിതവിഭാഗം, ഐ.സി.യു, ലേബർ റൂം പ്രവർത്തനത്തെ സമരം ബാധിച്ചില്ല.
അത്യാഹിത വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കിയാണ് സ്വകാര്യ ആശുപത്രികളിൽ ജനറൽ ഒ.പികളിലെത്തിയ രോഗികളെ പരിഗണിച്ചത്. സമരത്തിന് ശേഷം വൈകീട്ട് ആറ് മുതൽ ഒ.പികൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. ബുക്ക് ചെയ്തവരെയെല്ലാം ഒ.പി സമയം മാറ്റിയ കാര്യം മുൻകൂട്ടി വിളിച്ചറിയിച്ചായിരുന്നു ക്രമീകരണം.
എന്നാൽ സർക്കാർ ആശുപത്രികളിൽ ഒ.പികൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യ ആശുപത്രികളുടെ മാതൃകയിൽ ബദൽ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. ഫലത്തിൽ സർക്കാർ ആശുപത്രികളിലെത്തിയവരാണ് സ്വകാര്യ ആശുപത്രികളിലെത്തിയവരെക്കാൾ കൂടുതൽ വലഞ്ഞത്.
അതിരാവിലെയെത്തി സെക്യൂരിറ്റിമാർ നൽകുന്ന ടോക്കണിൽ മുൻഗണന കിട്ടിയാൽ മാത്രമാണ് സാധാരണ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരെ കാണാനാവുക. ഇതനസുരിച്ച് വിദൂരങ്ങളിൽ നിന്ന് അതിരാവിലെ പുറപ്പെട്ടവർ ആശുപത്രിയിലെത്തിയപ്പോഴാണ് പണിമുടക്ക് മൂലം ഒ.പി പ്രവർത്തിക്കില്ലെന്ന് അറിഞ്ഞത്.
എല്ലാ മെഡിക്കൽ കോളജിലും ജില്ല-ജനറൽ ആശുപത്രികളിലും ഡോക്ടറെ കാത്ത് രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടായി. ചിലയിടങ്ങളിൽ ഒ.പി ടിക്കറ്റ് കൊടുത്തെങ്കിലും ഡോക്ടര്‍ ഉണ്ടാകുമെന്ന് ഉറപ്പുപറയാനാവില്ലെന്നാണ് ജീവനക്കാര്‍ രോഗികളെ അറിയിച്ചത്.
റിവ്യൂവിനായി ആംബുലൻസുകളിൽ എത്തിച്ചവരടക്കം കാത്തുകിടന്നു. മെഡിക്കൽ കോളജുകളിലെ സ്പെഷാലിറ്റി ഒ.പികളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും നടന്നില്ല.
ഐ.എം.എ, മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, പി.ജി അസോസിയേഷൻ എന്നിവയെല്ലാം പണിമുടക്കിയോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിച്ചതിന് സമാനമായ സാഹചര്യമാണുണ്ടായത്. ലാബ് ടെക്നീഷ്യൻസ് അസോസിയേഷനും പണിമുടക്കിന് പിന്തുണ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.