തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ ദുരൂഹമരണത്തിന് വ്യാഴാഴ്ച നാലുവർഷം. നയനയുടെ 32ാം പിറന്നാള്‍ ദിനം കൂടിയായ വ്യാഴാഴ്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓര്മസായാഹ്നമൊരുക്കിയിട്ടുണ്ട്. നയനയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദിനാചരണമെന്ന പ്രത്യേകതയുമുണ്ട്.
ഇന്ന് വൈകീട്ട് നാലിന് പുളിമൂട് കേസരി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സൂര്യ കൃഷ്ണമൂര്‍ത്തി, മധുപാല്‍, ഭാഗ്യലക്ഷ്മി, വിധു വിന്‍സെന്റ്, സനല്‍കുമാര്‍ ശശിധരന്, സജിത മഠത്തില്‍, സാമൂഹിക പ്രവര്‍ത്തക മാഗ്ലിന്‍ തുടങ്ങിയവര്‍ നയനയെ അനുസ്മരിക്കും.
6.30ന് മാനവീയംവീഥിയില്‍ ദീപം തെളിയിച്ചുള്ള ശ്രദ്ധാഞ്ജലിയും നടക്കും. 2019 ഫെബ്രുവരി 23നാണ് കൊല്ലം അഴീക്കല്‍ സൂര്യന് പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനയെ വെള്ളയമ്പലം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലെനിന് രാജേന്ദ്രന്റെ സംവിധായക സഹായിയായിരുന്നു നയന.
രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്ന അവസ്ഥയില്‍ പരസഹായം കിട്ടാതെ മരിക്കുകയായിരുന്നെന്നാണ് പൊലീസ് സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചിരുന്നത്. എന്നാല്‍, മരണകാരണം കഴുത്ത് ഞെരിഞ്ഞാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാല് വര്‍ഷത്തിനുശേഷം പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.
ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പൊലീസിന്റെ ഭാഗത്ത് കടുത്ത വീഴ്ചകളുണ്ടായെന്ന അസി. കമീഷണർ ജെ.കെ. ദിനിലിന്റെ പുനഃപരിശോധന റിപ്പോര്‍ട്ടിനെതുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.