തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്ന് അഞ്ചുകോടി രൂപയിലേറെ തട്ടിയ കേസിൽ അമ്മയും മകനും റിമാൻഡിൽ. തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന ബ്രൂക്ക്പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് ഉടമ ഡോൾസി ജോസഫൈൻ സജു, മകൻ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡ, അമേരിക്ക, യു.കെ എന്നിവിടങ്ങളിൽ തൊഴിൽവിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ കേസിൽ ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി അറുപതോളം കേസുണ്ട്. പൊലീസ് കേസെടുക്കുകയും മാധ്യമങ്ങളിൽ വാർത്തകൾ വരുകയും ചെയ്തതോടെ ഇവർ സ്ഥാപനം പൂട്ടി മുങ്ങി. ബുധനാഴ്ച പുലർച്ച ശാസ്തമംഗലത്തെ സ്ഥാപനത്തിൽനിന്ന് രഹസ്യമായി സാധനങ്ങൾ മാറ്റാനെത്തി. വിവരമറിഞ്ഞ കെട്ടിട ഉടമയാണ് പോലീസിൽ അറിയിച്ചത്. പൊലീസെത്തിയപ്പോഴേക്കും ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. പിന്തുടർന്ന പൊലീസ് പൈപ്പിൻമൂടിനു സമീപത്തുവെച്ച് വാഹനം കുറുകേ നിർത്തി പിടികൂടുകയായിരുന്നു.
വിദേശത്ത് വൻ ശമ്പളമുള്ള തൊഴിൽ വിസ തരപ്പെടുത്തിനൽകുമെന്ന് സമൂഹമാധ്യമങ്ങൾ വഴിയാണ് പരസ്യം നൽകിയിരുന്നത്. ഫോണിൽ ബന്ധപ്പെടുന്നവരെ പറഞ്ഞുവിശ്വസിപ്പിച്ച് ഒരാളിൽനിന്ന് രണ്ടുമുതൽ 10.5 ലക്ഷം രൂപവരെ വാങ്ങി. പറഞ്ഞസമയം കഴിഞ്ഞും നടപടികൾ ഉണ്ടാകാതായതോടെയാണ് പലരും പണം തിരികെ ചോദിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.