ആറ്റിങ്ങൽ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തിൽ 70 കാരന് 13 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ. പറയത്തുകോണം സ്വദേശി സുദേവനെതിരെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി ബിജുകുമാർ സി.ആർ. ശിക്ഷ വിധിച്ചത്.
സമീപവാസിയായ കുട്ടിയെ അഞ്ചു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കാലഘട്ടങ്ങളിൽ പ്രതിയുടെ വീട്ടിൽ െവച്ച് ലൈംഗികാതിക്രമത്തിന് വിധേയനാക്കി എന്നതാണ് പ്രോസിക്യൂഷൻ കേസ്. കുട്ടി ട്യൂഷനായി പ്രതിയുടെ വീട്ടിലാണ് വന്നിരുന്നത്. ഇത് മുതലാക്കിയാണ് ടി.വി കാണാനെത്തുന്ന സമയം കുട്ടിയെ ഉപദ്രവിച്ചുവന്നത്. തുടക്കത്തിൽ കുട്ടി പിതാവിനോട് വിവരം സൂചിപ്പിച്ചെങ്കിലും പിതാവിന്റെ മരണത്തോടെ പീഡനം തുടർന്നു.
സ്കൂളിൽ കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനങ്ങളെത്തുടർന്നുള്ള കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി പറയുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ 2019ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രതി പിഴത്തുക കെട്ടിെവക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകണമെന്നും ഡിസ്ട്രിക്ട് ലീഗൽ സർവിസ് അതോറിറ്റി മുഖേന മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കുട്ടിക്ക് മതിയായ കൗൺസലിങ് നൽകണമെന്ന് കോടതി നിർദേശിച്ചു.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് വി.എസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന രാഹുൽ രവീന്ദ്രൻ, സജീഷ് എച്ച്.എൽ എന്നിവർ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എം. മുഹ്സിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.