വർക്കല: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെ താഴെ വെട്ടൂർ ജങ്ഷനിലാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്ക് തലയ്ക്കാണ് വെട്ടേറ്റത്. കടൽത്തീരത്തുനിന്ന് താഴെവെട്ടൂർ ജങ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ജങ്ഷനിലുണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീന് മുഖത്ത് പരിക്കേറ്റു. ആക്രമണത്തിൽ നിലത്തുവീണ മൂന്നുപേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
രാവിലെ മുതൽ ഇവർ എട്ടുപേരും തമ്മിൽ നിസ്സാരകാര്യങ്ങളെച്ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം പറയുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിലുൾപ്പെട്ട ജവാദ്, നൈസാം, യൂസഫ് എന്നിവർ അടങ്ങുന്ന അഞ്ചംഗ സംഘത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.