തിരുവനന്തപുരം: ഇനി തലസ്ഥാനത്ത് ചെറു സിനിമകളുടെ വസന്തകാലം. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ) വെള്ളിയാഴ്ച തുടക്കം.
31 വരെ നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 335 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 750ഓളം ഡെലിഗേറ്റുകളും ഇരുന്നൂറോളം വിദ്യാർഥികളുമാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡെലിഗേറ്റ് കിറ്റ് വിതരണം കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നൽകി ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറിക്ക് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഡെലിഗേറ്റ് കിറ്റ് സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ കുക്കുപരമേശ്വരൻ, ഷൈബു മുണ്ടക്കൽ, എ.എസ്. ജോബി, അക്കാദമി സെക്രട്ടറി സി. അജോയ്, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കുള്ള കിറ്റുകൾ ഉദ്ഘാടനച്ചടങ്ങിന് ശേഷം കൈരളി തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിൽനിന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.