കിളിമാനൂർ: പഞ്ചായത്തിന് കീഴിൽ അനധികൃത കോഴിഫാമുകളുടെ എണ്ണം പെരുകുന്നു. പഞ്ചായത്ത് സംവിധാനം വെറും നോക്കുകുത്തിയായതോടെ മാലിന്യ സംസ്കരണത്തിന് തയാറാകാതെ വിൽപനശാലകൾ. തെരുവോരങ്ങളിൽ തെരുവ് നായ്കൾ കോഴി മാലിന്യം വലിച്ചിഴക്കുന്നു. ഒരുമാസം മുമ്പ് ഹൈസ്കൂൾ വിദ്യാർഥിയെ അടക്കം നിരവധി പേരെ തെരുവുനായ്കൾ കടിച്ച് പരിക്കേൽപ്പിച്ച സംഭവമുണ്ടായിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് ആക്ഷേപം.
പഞ്ചായത്തിൽ ഉൾപ്രദേശങ്ങളിലടക്കം പത്തോളം ഇറച്ചി വിൽപന കേന്ദ്രങ്ങളുണ്ട്. ഇവയിൽ ബഹുഭൂരിപക്ഷം സ്ഥാപനങ്ങൾക്കും മതിയായ പ്രവർത്തനാനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതർ തന്നെ സമ്മതിക്കുന്നു.
പഞ്ചായത്തിലെ പ്രധാന കവലയായ പോങ്ങനാട് മാത്രം മൂന്ന് കോഴിയിറച്ചി വിൽപന ശാലകളുണ്ട്. ഇറച്ചി മാലിന്യങ്ങൾ വൈകീട്ട് ഉടമകൾ തന്നെ കൊണ്ടുപോകും എന്ന വ്യവസ്ഥയിലാണ് ഇവ പ്രവർത്തിക്കുന്നതത്രേ. പകുതിയിലേറെ മാലിന്യം തെരുവുനായ്കൾക്കായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ സംഭവിക്കുന്നതിനിടെയിലാണ് ആഴ്ചകൾക്ക് മുമ്പ് പത്തോളം പേർക്ക് നായയുടെ കടിയേറ്റത്. അക്രമകാരിയായ ഈ നായയെ നാട്ടുകാർ അന്ന് തല്ലിക്കൊന്നു.
ശനിയാഴ്ച വൈകീട്ടും തെരുവു നായ്കൾ ഇറച്ചിക്കടയിൽ നിന്നും മാലിന്യങ്ങളും കടിച്ച് കവലയിലെത്തി. പോങ്ങനാട് സ്വദേശിയായ വിനോദ് കുമാർ ഇത് സംബന്ധിച്ച് കടയിലും പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡംഗത്തെ ബന്ധപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
പോങ്ങനാട്, കിളിമാനൂർ, മടവൂർ സ്കൂളുകളിൽ പഠിക്കുന്ന നിരവധി കുട്ടികളാണ് കവലയിലെത്തുന്നത്. വിദ്യാർഥികൾക്കൊപ്പം കാൽനടയാത്രികരും ഇരുചക്രവാഹന യാത്രികരും ഭീതിയിലാണ്. അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.