തിരുവനന്തപുരം: ഇടക്കാലത്ത് ഒതുങ്ങിയ ഗുണ്ടാകുടിപ്പക തലസ്ഥാനത്ത് വീണ്ടും തലപൊക്കുന്നു. കഴിഞ്ഞ ദിവസം ഈഞ്ചക്കലിലെ ഡാന്‍സ് ബാറില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയതിന് തുടർച്ചയായി കൂടുതൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.
കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളിലെ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇത് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഗീതനിശക്കിടെ നൃത്തം ചെയ്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുപോയ ഓംപ്രകാശിനെ എയര്‍പോര്‍ട്ട് സാജന്റെ സംഘത്തിലുള്ളവര്‍ പിന്നില്‍നിന്ന് കൈയ്യേറ്റം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യം. സാജന്റെ മകന് ഡാനി ഡി.ജെ നയിക്കുമ്പോള്‍, തൊട്ടുമുന്നിലൂടെ നടന്നുപോയ ഓംപ്രകാശിനെ സാജന്റെ സംഘത്തിലുള്ളവര്‍ രണ്ടുതവണ പിന്നില്‍നിന്ന് പിടിച്ചുതള്ളുന്നതാണ് ദൃശ്യം. കേസില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും മകന് ഡാനിയും അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സാജന്റെ സംഘത്തിലുള്ള അരുണ്‍, ജോസ് ബ്രിട്ടോ, സജിത്, സൗരവ്, രാജേഷ്, ബിജു എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘങ്ങള്‍ രണ്ട് മണിക്കൂറോളം ക്യാമ്പ് ചെയ്ത് വെല്ലുവിളി തുടര്‍ന്നിട്ടും ബാര്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഞായറാഴ്ച രാവിലെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.
ഏറ്റുമുട്ടലിനെക്കുറിച്ച് ശനിയാഴ്ച രാവിലെ തന്നെ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് വിവരങ്ങള്‍ നല്‍കിയിരുന്നു. ഗുണ്ടാപ്പോര് പുറത്തായാല്‍ വിവാദമാകുമെന്നു കണ്ട് പൊലീസ് സംഭവം രഹസ്യമാക്കി. സംഭവത്തിൽ അടിപിടിക്കും ബാറിലെ ഡി.ജെ പാര്‍ട്ടി തടസ്സപ്പെടുത്തി നാശനഷ്ടം വരുത്തിയതിനും ബാര്‍ മാനേജറുടെ പരാതിയിൽ എയര്‍പോര്‍ട്ട് സാജന്, ഡാനി, നിധിന് എന്നിവരടക്കം എഴുപത്തഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.