തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ കിളിമാനൂർ പ്രാദേശിക നേതാവും സി.ഐ.ടി.യു കിളിമാനൂർ യൂനിറ്റ് കൺവീനറുമായിരുന്ന കിളിമാനൂർ പഴയകുന്നുമ്മൽ മാത്തയിൽ രമ്യഭവനത്തിൽ രതീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായിരുന്ന അഞ്ചുപേരെയും കോടതി വെറുതെ വിട്ടു.
പഴയാകുന്നമ്മൽ അധീന ഭവനിൽ ഷഹൻഷ എന്ന രാഹുൽ, വെള്ളല്ലൂർ സുജിഭവനത്തിൽ കുഞ്ഞുമോൻ എന്ന സുരാജ്, വെള്ളല്ലൂർ ജലജ മന്ദിരത്തിൽ തങ്കപുത്രൻ എന്ന മോഹനൻ, അഞ്ചൽ ഇടമുളക്കൽ ദേശത്തിൽ കാര്യാടൻ ഹൗസിൽ ബൈജു, ചൂണ്ടി ഈസ്റ്റ് വില്ലേജിൽ വിനോദ് എന്നിവരെയാണ് മതിയായ തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തീരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൻ മോഹൻ വെറുതെ വെറുതെ വിട്ടത്.
2010 മെയ് ഏഴിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷ് യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ കിളിമാനൂർ സ്റ്റാൻഡിലേക്ക് വരുന്നവഴിയിൽ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രാഹുൽ, സുരാജ്, മോഹനൻ, ബൈജു, വിനോദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചുപേർക്കും രതീഷിനോടുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നായിരുന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ 151 സാക്ഷികളെയാണ് പ്രതികൾക്കെതിരെ നിരത്തിയത്. ഇതിൽ 99 സാക്ഷികളെയും വിസ്തരിച്ചു. കേസിൽ ഒന്നാം പ്രതി പ്രേംലാൽ വിചാരണക്കിടെ ഒളിവിൽപ്പോയി. എന്നാൽ കേസിൽ പ്രതികളായ അഞ്ചുപേർക്കെതിരെയുമുള്ള ആരോപണങ്ങൾ തെളിയിക്കുന്നതിന് പൊലീസ് ഹാജരാക്കിയ തെളിവുകൾക്ക് കഴിയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് അഞ്ചുപേരെയും വിട്ടയച്ചത്.
പ്രതികൾക്കു വേണ്ടി കൊല്ലം ബാറിലെ സീനിയർ ക്രിമിനൽ അഭിഭാഷകനായ അഡ്വ. പ്രതാപചന്ദ്രൻപിള്ള, അഭിഭാഷകരനായ റബിൻ രവീന്ദ്രൻ, ആശിഷ് ആർ, ആദർശ് ദ്വിതീപ്, ഗംഗ സന്തോഷ്, ആയൂർ ബിജുലാൽ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.