കല്ലമ്പലം: വിരണ്ട ആന പാപ്പാനെ കൊന്നതിനുശേഷം രണ്ടര മണിക്കൂർ നാടിനെ മുൾമുനയിൽ നിർത്തി. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് പുത്തൻകുളം സജിയുടെ ഉടമസ്ഥതയിൽ ഉള്ള കണ്ണൻ എന്ന ആന വിരണ്ടത്. തടി പിടിക്കാൻ കൊണ്ടുവന്നതാണ് ഈ ആനയെ. തടി പിടിച്ചു തുടങ്ങി ഏറെ വൈകാതെ ആന പ്രകോപിതനായി. തന്നെ നിയന്ത്രിക്കാൻ ശ്രമിച്ച പാപ്പാനെ വകവരുത്തി.
പാപ്പാനെ കൊന്ന വാർത്ത പരന്നതോടെ തദ്ദേശവാസികൾ ആശങ്കയിൽ ആയി. പ്രകോപിതനായെങ്കിലും ഇത് റോഡിലേക്ക് കയറി ഓടാനോ മറ്റോ ശ്രമിക്കാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. ഈ സ്ഥലവും വഴികളും ആനക്ക് പരിചിതമായ മേഖല ആയതിനാൽ നാട്ടുകാർ കൂടുതൽ ആശങ്കപ്പെട്ടിരുന്നു.
പാപ്പാനെ കൊന്നതിന് ശേഷം അരികിൽ തന്നെ നിന്നത് മൃതദേഹം മാറ്റുന്നതിന് തടസ്സമായി. ആന കുറച്ചു മാറി തിരിഞ്ഞുനിന്നപ്പോൾ ഫയർഫോഴ്സ് സംഘം മൃതദേഹം എടുക്കാൻ ശ്രമിച്ചെങ്കിലും ആന പെെട്ടന്ന് തിരിഞ്ഞു വന്നതോടെ രക്ഷാപ്രവർത്തകർക്ക് ഓടേണ്ടി വന്നു. 11ഓടെ എലഫൻറ് സ്ക്വാഡ് സ്ഥലത്ത് എത്തി മയക്കുവെടി വെച്ചു.
ഇതിനിടെ പാപ്പാന്‍റെ സഹായികൾ പഴവും മറ്റും എറിഞ്ഞ് ആനയെ ശ്രദ്ധ തിരിച്ച് മറ്റൊരു ഭാഗത്തേക്ക് മാറ്റി. ഈ സമയം നാട്ടുകാർ മൃതദേഹം എടുത്ത് ആംബുലൻസിൽ കയറ്റി. അര മണിക്കൂറിനു ശേഷം വടം കയർ കൊണ്ട് ആനയെ ബന്ധിച്ചു. ഇതിന് ശേഷം ലോറിയിൽ കയറ്റി പുത്തൻകുളത്തേക്ക് കൊണ്ടുപോയി. പാതി മയക്കത്തിലായ ആനയെ ലോറിയിൽ കയറ്റാനും ഏറെ പ്രയാസപ്പെട്ടു.
ആനയെ സ്ഥലത്ത് നിന്ന് നീക്കിയതിന് ശേഷമാണ് നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞത്. മൂന്ന് മാസം മുമ്പ് മദപ്പാട് ഉണ്ടായി മാറിയ ആനയാണിത്. നിലവിലെ പ്രകോപനം ജോലി സമ്മർദം കൊണ്ടാകും എന്നാണ് കരുതപ്പെടുന്നത്. സംഭവം അറിഞ്ഞ് വലിയ തോതിൽ ജനം ഇവിടെ തടിച്ചുകൂടി. ആന നിന്ന തോട്ടത്തിന് എതിർവശത്തുള്ള ഉയർന്ന ഭൂമിയിലും റോഡിന്‍റെ ഇരുവശങ്ങളിലും ജനക്കൂട്ടം ഉണ്ടായി. ആന റോഡിലേക്ക് ഓടിക്കയറാനുള്ള സാധ്യത െപാലീസ് ഉദ്യോഗസ്ഥർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും കാഴ്ചക്കാർ മടങ്ങാൻ തയാറായിരുന്നില്ല. ഇത് െപാലീസിനെയും സമ്മർദത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.