കല്ലമ്പലം: കല്ലമ്പലം ജങ്ഷനിൽ ഫ്ലൈ ഓവറിന് തീരുമാനം, നിലവിലെ നിർദേശം അപര്യാപ്തമെന്ന് വ്യാപാരികളും നാട്ടുകാരും. ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലമ്പലം ജങ്ഷനിൽ കെട്ടിയടച്ച ഭിത്തിയും വർക്കല റോഡ് വരുന്ന ഭാഗത്ത് മുറിച്ചുകടക്കുന്നതിനുള്ള അണ്ടർ പാസേജുമാണ് നിർദേശിച്ചിരുന്നത്.
രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെ വിവിധ മേഖലകളിൽനിന്ന് ജങ്ഷന് ഫ്ലൈ ഓവർ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരെയും അധികാരികളെയും നിരന്തരമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി ശോഭകരന്തലജെ കല്ലമ്പലം സന്ദർശിച്ച സമയത്തും കേന്ദ്രമന്ത്രി വി. മുരളീധരനും നിവേദനങ്ങൾ നൽകിയിരുന്നു. വി. മുരളീധരൻ സജീവമായ ഇടപെടൽ നടത്തുകയും ഫ്ലൈ ഓവറിന്റെ സാധ്യതകൾ ആരായുകയും ചെയ്തു.
നിലവിലെ നിർദേശം മാറ്റി പില്ലർ ഫ്ലൈ ഓവർ നിർദേശത്തിന് കേന്ദ്ര ദേശീയപാത അതോറിറ്റി അംഗീകാരം നൽകിയതായി മന്ത്രി വി. മുരളീധരൻ ആണ് ഇപ്പോൾ അറിയിച്ചത്.
സർവിസ് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കാനും വർക്കല നഗരൂർ റോഡുകളിൽ കടക്കുന്നതിനും കല്ലമ്പലം ജങ്ഷനിൽ വലിയ പാസേജ് ആണ് ഡി.പി.ആറിൽ നിർദേശിച്ചിരുന്നത്. 522/108 മുതൽ 522/198 വരെ 90 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമിക്കുന്നതിനാണ് നിർദേശം. 2.82 കോടി രൂപ ഇതിനായി അധികതുക വകയിരുത്തുകയും ചെയ്തു. നിലവിലെ ആറുവരിപ്പാതക്ക് റോഡിന്റെ ഇരുവശത്തും വീതി കൂട്ടിക്കഴിഞ്ഞു.
കല്ലമ്പലം ജങ്ഷനിലെ ഫ്ലൈഓവർ നിർദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്തു. നിലവിലുള്ള നിർദേശത്തിൽനിന്ന് ചെറിയ മാറ്റം വരുത്തി 90 മീറ്റർ നീളത്തിലെ പുതിയ ഫ്ലൈ ഓവർ നിർദേശമാണ് വന്നിരിക്കുന്നത്. ഇതു തികച്ചും അപര്യാപ്തമാണ്. പൂർണമായും ഫ്ലൈ ഓവർ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ഇനിയും മാറ്റം വരുത്തി അരകിലോമീറ്ററിൽ കുറഞ്ഞത് 250 മീറ്റർ നീളത്തിലെങ്കിലും പില്ലർ ഫ്ലൈ ഓവർ വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് മുഹമ്മദ് റാഫി, ഭാരവാഹികളായ സുരേഷ് കുമാർ, രാജീവ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.