കല്ലമ്പലം: തോട്ടയ്ക്കാട് ചാങ്ങാട്ട് ഭഗവതിക്ഷേത്രത്തിൽ വൻ കവർച്ച. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ കിഴക്കേ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന സ്വർണമാല, സ്വർണതാലികൾ, സ്വർണ പൊട്ടുകൾ എന്നിവ നഷ്ടമായി.
നാലമ്പലത്തിൽ സൂക്ഷിച്ചിരുന്ന കാണിയ്ക്ക വഞ്ചികൾ ക്ഷേത്രത്തിന് പുറത്തെടുത്ത് പൊളിച്ചശേഷം നോട്ടുകൾ കവർന്നിട്ട് നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിലാണ്. ക്ഷേത്രത്തിന് ചുറ്റും പതിനാറോളം ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഓഫിസിനകത്ത് സ്ഥാപിച്ചിരുന്ന ക്യാമറ, കൺട്രോളർ, ഡി.വി.ആർ സിസ്റ്റം എന്നിവ മോഷ്ടാക്കൾ ഇളക്കിക്കൊണ്ടുപോയി. ക്ഷേത്രത്തിന് മുൻവശത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് ഓഫ് ചെയ്ത നിലയിലായിരുന്നു.
പൊലീസിന്റെ ഭാഗത്തുള്ള പരിശോധനകൾ പൂർത്തീകരിച്ചാലേ നഷ്ടത്തിന്റെ കണക്കെടുക്കാൻ കഴിയൂവെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. കല്ലമ്പലം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.