കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ മുല്ലനല്ലൂർ ജങ്ഷനിൽനിന്ന് ശ്രീ നാഗരുകാവ് ശ്രീകൃഷ്ണക്ഷേത്രം വഴി പോകുന്ന റോഡ് അപകടക്കെണിയായി. ക്ഷേത്രത്തിനുസമീപം 400 ഓളം മീറ്റർ വയൽ നികത്തിയാണ് റോഡ് നിർമിച്ചത്. ഒന്നര പതിറ്റാണ്ട് മുമ്പായിരുന്നു നിർമാണം. തുടക്കത്തിൽ ചെമ്മൺ പാതയായിരുന്നു. പിൽക്കാലത്ത് ടാറിങ് നടത്തി. വയലിന്റെ മധ്യഭാഗത്തായി ചേരുതോടുകൾ കടന്നുവരുന്ന ഭാഗത്ത് വലിയ പൈപ്പ് സ്ഥാപിച്ചിരുന്നു. അമ്പത് മീറ്റർ അകലത്തിൽ രണ്ടിടത്താണ് വലിയ പൈപ്പിട്ട് വെള്ളം പോകാൻ സൗകര്യമൊരുക്കിയിരുന്നത്.
ഇതിന് മുകൾ ഭാഗം മണ്ണിട്ടുമൂടിയാണ് റോഡ് ഒരുക്കിയത്. ജനവാസം വർധിച്ചതും ക്ഷേത്രത്തിന്റെ വികസനവും റോഡിലെ തിരക്ക് കൂട്ടി. പൈപ്പിനുമുകളിലൂടെ നിർമിച്ച റോഡാണെന്ന കാര്യം അധികൃതരും നാട്ടുകാരും വിസ്മരിച്ചു. വർഷങ്ങൾ കഴിഞ്ഞതോടെ റോഡിന് ഈ ഭാഗങ്ങളിൽ കുലുക്കം അനുഭവപ്പെട്ടു. നാട്ടുകാർ പരിശോധിച്ചപ്പോൾ പൈപ്പുകൾ ദ്രവിച്ച് നശിച്ചതായി കണ്ടെത്തി. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. അടുത്തടുത്ത് രണ്ട് സ്ഥലമാണ് അകം പൊള്ളയായിരിക്കുന്നത്. ഇതിലൂടെ വെള്ളത്തിന്റെ ഒഴുക്കുമുണ്ട്. മഴക്കാലത്ത് ഇതിന് അടിയിലെ മണ്ണൊലിപ്പ് കൂടുകയാണ്. ഇത് ആശങ്ക വർധിപ്പിക്കുന്നു.
അപകടാവസ്ഥ ശ്രദ്ധയിൽപെട്ടെന്നും അഞ്ച് ലക്ഷം രൂപ റോഡ് നവീകരണത്തിനായി മാറ്റിവെച്ച് എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പഞ്ചായത്തംഗം സവാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.