കല്ലമ്പലം: സ്വകാര്യ ബസ് സർവിസിനിടെ മറിഞ്ഞു; ഒമ്പതുപേർക്ക് പരിക്ക്. പുതുശ്ശേരിമുക്ക് സ്വദേശികളായ അൽ അമീൻ (23), ഷാജിയ (38), നബീസ (65), വൃന്ദ (21), അൻഷിഫ (10), പാങ്ങോട് സ്വദേശി സബീല ബീവി (48), വെള്ളല്ലൂർ സ്വദേശിനി രജിത (30) നെല്ലിക്കുന്ന് സ്വദേശിനി ലേഖ (45), മാവിൻമൂട് സ്വദേശി തങ്കപ്പൻ (76) എന്നിവർക്കാണ് പരിക്ക്.
കല്ലറ-വർക്കല റൂട്ടിൽ ഓടുന്ന ഉണ്ണിക്കൃഷ്ണൻ കുളങ്ങര എന്ന ബസാണ് അപകടത്തിൽപെട്ടത്. വൈകീട്ട് മൂന്നരയോടെ പുതുശ്ശേരിമുക്ക് വട്ടക്കൈത തേവലക്കാട് സ്കൂളിന് സമീപമാണ് അപകടം.
ബസ് ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ മൺതട്ടിയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിനുമുകളിൽ കൂടിയാണ് ബസ് മറിഞ്ഞത്. ഇരുപതിലേറെ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും കല്ലമ്പലം പൊലീസും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസിന്റെ മുൻഭാഗത്തുള്ള ഗ്ലാസ് തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് റോഡിന് കുറുകെ മറിഞ്ഞതിനാൽ ഗതാഗതവും ഇലക്ട്രിക് പോസ്റ്റ് തകർന്നതിനാൽ മേഖലയിലേക്കുള്ള വൈദ്യുതിവിതരണവും പൂർണമായും തടസ്സപ്പെട്ടു.
ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ആക്ഷേപം. തേയ്മാനം സംഭവിച്ച് പൂർണമായും ഗ്രിപ്പ് നഷ്ടപ്പെട്ട ടയറുകൾ മഴയിൽ തെന്നിയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.
വാഹനം മറിയുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ബസിൽ ഉണ്ടായിരുന്നവരിൽ ഭൂരിപക്ഷവും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.