കല്ലമ്പലം: ഡ്രൈവർ ഉറങ്ങി, കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി. ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് നിയന്ത്രണം തെറ്റിയ കാർ വീട്ടിനുള്ളിലേക്ക് ഇടിച്ചു കയറിയത്. ഉറങ്ങിക്കിടന്ന വീട്ടുകാരിൽ ഒരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞെക്കാട് വാസുദേവവിലാസത്തിൽ സുമതിയുടെ വീട്ടിലാണ് അപകടം. മകൾ ബിന്ദുവിനാണ് പരിക്കേറ്റത്.
ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മറ്റ് കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ തിരികെ വിട്ടു. ബുധനാഴ്ച പുലർച്ച 2.30നായിരുന്നു സംഭവം. വർക്കലഭാഗത്തുനിന്ന് കല്ലമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം തെറ്റി വലതുവശത്തെ വീടിനുള്ളിലേക്ക് ഇടിച്ചുകയറിയത്. പഴക്കമുള്ള ഓടിട്ട ഇരുനില വീടിന്റെ ഒരു ഭാഗം കാർ ഇടിച്ചുതകർത്തു.
ആ ഭാഗത്തായിരുന്നു സുമതിയും മകൾ ബിന്ദുവും ഉറങ്ങിയിരുന്നത്. ഇടിയെ തുടർന്നുണ്ടായ വൻ ശബ്ദം കേട്ട് ഇവർ ഞെട്ടി എഴുന്നേറ്റെങ്കിലും ബിന്ദുവിന്റെ പുറത്തു കൂടി കട്ടകൾ വീണാണ് പരിക്കേറ്റത്. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.