കാട്ടാക്കട: വെള്ളിയാഴ്ച ഉച്ചക്ക് പെയ്തുതുടങ്ങിയ മഴയില്‍ മണിക്കൂറുകള്‍ കൊണ്ട് തെക്കന്‍ മലയോരമേഖലകളിലെ മിക്കയിടത്തും വെള്ളം കയറി. പലറോഡുകളും പുഴകണക്കായി. കുറ്റിച്ചൽ, കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട് പഞ്ചായത്ത് പ്രദേശങ്ങളില്‍ പലയിടത്തും ഏറെ നാശസഷ്ടമുണ്ടായി. കുറ്റിച്ചല്‍ ജങ്ഷന്, കാട്ടാക്കട സിവില്‍ സ്റ്റേഷന് റോഡ്, കിള്ളി-തൂങ്ങാംപാറ റോഡ്, കുറ്റിച്ചല്‍-പരുത്തിപ്പള്ളി റോഡുകളിൽ വെള്ളക്കെട്ടിൽ ഗതാഗതം താറുമാറായി
കുറ്റിച്ചൽ പ്രദേശത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും നാശവും നേരിട്ടു. മലവെള്ളപ്പാച്ചിലിൽ കോട്ടൂർ കുമ്പിൾമൂട് തോട് കരകവിഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിനുരൂപയുടെ കൃഷിനശിച്ചു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അഗസ്ത്യവനത്തിലെ ആദിവാസി ഊരുകൾ നാട്ടിൽനിന്ന് ഒറ്റപ്പെട്ടു. തോടുകളും അരുവികളുമൊക്കെ നിറഞ്ഞൊഴുകുന്നതിനാൽ വാഹനഗതാഗതം താറുമാറായി. വനത്തിനുള്ളിലെ 25 ഊരുകളിലുള്ളവർക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ് ആദിവാസികൾ നല്കുന്ന വിവരം. പ്ലാവൂർ, പാറച്ചൽ, കൊല്ലോട്, അമ്പലത്തിൻകാല, മൊളിയൂർ ഏലാകളിൽ കൃഷിയിടങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. വാഴ, പച്ചക്കറികൃഷികൾ പൂർണമായും നശിച്ചു.
എല്ലായിടത്തും തോടുകളൊക്കെ നിറഞ്ഞൊഴുകുന്നു. പല തോടുകളും മാലിന്യം നിറഞ്ഞ് അടഞ്ഞിട്ടുണ്ട്. ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ച് റോഡുകളിലൊക്കെ കല്ലും മണ്ണും മാലിന്യവും നിറഞ്ഞു. ഇതുമൂലം ചിലയിടങ്ങളിൽ റോഡ് അപകടാവസ്ഥയിലായി. റോഡുകളിലെ വെള്ളക്കെട്ടും യാത്രക്കാരെ വലക്കുന്നു.
പട്ടണത്തിലൂടെ ഒഴുകുന്ന കുളത്തുമ്മൽ തോടിന്റെ സ്ഥിതിയും മോശമാണ്. ചപ്പുചവറുകൾ നീക്കാത്തതിനാൽ പൊതുമരാമത്തിന്റെ ഓടകളാകെ ചളിയും മാലിന്യവും നിറഞ്ഞ് അടഞ്ഞു. ഇതോടെ ബസ് സ്റ്റാൻഡിൽ നിന്നുൾപ്പെടെ ഒഴുകിയെത്തുന്ന വെള്ളവും തിരുവനന്തപുരം റോഡിലൂടെ കുത്തിയൊലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.