തിരുവനന്തപുരം: മലയാളികളുടെ സമാനതയില്ലാതെ നേട്ടങ്ങൾ കേരളീയത്തിന്റെ സമാപനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നൊന്നായി വിളിച്ചുപറഞ്ഞപ്പോൾ സെൻട്രൽ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെ എതിരേറ്റു.
രാഷ്ട്രീയമായി എതിർചേരികളിൽ നിൽക്കുന്നവരെ പോലും വേദിയിലെത്തിച്ചതിന്റെ വിജയത്തോടെയാണ് പ്രഥമ കേരളീയത്തിന് ചൊവ്വാഴ്ച സമാപനമായത്. ആദിവാസി വിഭാഗങ്ങളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദം കല്ലുകടിയായത് ഒഴിച്ചാൽ പങ്കാളിത്തംകൊണ്ടും സംഘാടനത്തിലെ മികവ് കൊണ്ടും വലിയ ജനകീയ ചടങ്ങായി കേരളീയത്തിന്റെ സമാപനം മാറി.
അടുത്ത വർഷത്തെ കേരളീയത്തിനുള്ള ഒരുക്കങ്ങളോടെയാണ് പ്രഥമ കേരളീയത്തിന് തിരശ്ശീല വീണത്. സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2024ലെ കേരളീയത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപവത്കരിച്ചതായും അതിൽ ആരൊക്കെ അംഗങ്ങളെന്നത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. 75 ദിവസംകൊണ്ട് കേരളീയം മികച്ച നിലയിൽ സംഘടിപ്പിച്ച 20 സബ് കമ്മിറ്റികൾ, ലോഗോ ഡിസൈൻചെയ്ത ബോസ് കൃഷ്ണമാചാരി, സ്പോൺസർമാർ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
കേരളീയത്തിന് ലഭിച്ച ഗിന്നസ് റെക്കോഡ് ചീഫ് സെക്രട്ടറി വി. വേണു മുഖ്യമന്ത്രിക്ക് കൈമാറി. 67ാം കേരളപ്പിറവി ആഘോഷവേളയിൽ 67 വ്യത്യസ്ത ഭാഷകളിൽ 67 പേർ ഓൺലൈൻ വിഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിനാണ് ഗിന്നസ് നേട്ടം.
ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേസമയം ആശംസ നേരുന്ന ‘ഓൺലൈൻ വിഡിയോ റിലേ’ ചരിത്രത്തിൽ ആദ്യമാണെന്നതാണ് അംഗീകാരത്തിന് ആധാരം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. മന്ത്രി വി.ശിവൻകുട്ടി സ്വാഗതവും സംഘാടക സമിതി കൺവീനർ എസ്. ഹരികിഷോർ നന്ദിയും പറഞ്ഞു. മറ്റു മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ പങ്കെടുത്തു. ധൂർത്തെന്നാരോപിച്ച് പ്രതിപക്ഷം വിട്ടുനിന്നു.
തിരുവനന്തപുരം: വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ പ്രശ്നങ്ങൾ പരിഹരിച്ച് നേട്ടം കൈവരിച്ചതിന്റെ പേരിൽ സംസ്ഥാനത്തെ കേന്ദ്രം പ്രത്യേക രീതിയിൽ ശിക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി. കേരളീയത്തിന്റെ സമാപനച്ചടങ്ങിലായിരുന്നു പരാമർശം. ഈ മേഖലയിലെ മികവുകൾ നേരത്തേ സ്വന്തമാക്കിയതിനാൽ ഈ ലക്ഷ്യം മുൻനിർത്തിയുള്ള കേന്ദ്ര ഫണ്ടുകൾ വെട്ടിക്കുറക്കുകയാണ്. ഇത് നീതിയല്ല.
സാക്ഷരതയും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെയും മികവുകൾ നിലനിർത്താൻ പണം ആവശ്യമുണ്ട്. മറ്റു സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ കൂട്ടായി ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ പല സാമ്പത്തിക അവകാശങ്ങളും നിഷേധിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെയും പശ്ചാത്തല വികസനത്തെയും നിശ്ചലമാക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിയമപരമായ എല്ലാ സാധ്യതകളും സർക്കാർ തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപിക്കാൻ വരുന്ന സംരംഭകന്റെ ന്യായമായ ഒരാവശ്യത്തിനും ചുവപ്പുനാടയുടെ പ്രതിസന്ധി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സമാപന ചടങ്ങിൽ നവകേരള കാഴ്ചപ്പാട് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
റോഡ്, റെയിൽ, ജലഗതാഗത മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികൾ മൂന്നുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ശ്രമിക്കും. കേരളീയത്തിന്റെ ഭാഗമായി നടത്തിയ സെമിനാറുകളിൽ ഉയർന്ന ഗൗരവ സ്വഭാവമുള്ളതും ഭാവിക്ക് ഉതകുന്നതുമായ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.