കഴക്കൂട്ടം: കഠിനംകുളത്ത് വളർത്തുനായെ അഴിച്ചുവിട്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട കമ്രാൻ സമീർ ജാമ്യത്തിലിറങ്ങി സംഘം ചേർന്ന് കവർച്ചയും അക്രമവും നടത്തി. ഇയാളടക്കം മൂന്നുപേർ കഠിനംകുളം പൊലീസിന്റെ പിടിയിലായി. കൂട്ടാളികളായ കാള രാജേഷ്, നഹാസ് എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. സംഘം കഴിഞ്ഞ ഞായറാഴ്ച വസ്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് അരുവിക്കര സ്വദേശിയായ യുവാവിനെ പുത്തൻതോപ്പിലെ ഒഴിഞ്ഞ പുരയിടത്തിലെത്തിച്ച് കല്ലുകൊണ്ട് ശരീരമാസകലം മർദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തിരുന്നു.
കൂടാതെ തിങ്കളാഴ്ച രാത്രി 11ഓടെ പുത്തൻതോപ്പ് ആശുപത്രിക്ക് സമീപം വെച്ച് വി.എസ്.എസ്.സിയിലെ സയന്റിസ്റ്റ് ബിഹാർ സ്വദേശി വികാഷ് കുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനുനേരെ കല്ലെറിഞ്ഞു. ചില്ല് തകർന്നതിനെ തുടർന്ന് പുറത്തിറങ്ങിയ യാത്രികരെ കമ്രാനും കാള രാജേഷും നഹാസും ചേർന്ന് മർദിച്ചു. നെയിൽ കട്ടർ കൊണ്ടുള്ള ആക്രമണത്തിൽ വികാഷ് കുമാറിന്റെ മുഖത്തും കഴുത്തിലും തോളിലും മുറിവേറ്റു. അക്രമം തടയുന്നതിനിടെ ഭാര്യ ഷിപ്ര ജയ്സാളിനെ കമ്രാൻ സമീർ തള്ളിയിട്ടു.
സംഭവത്തെ തുടർന്ന് കഠിനംകുളം ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിൽ പ്രതികൾക്കായി ഊർജിതമായ തിരച്ചിൽ നടത്തി രണ്ടുദിവസത്തിനകം മൂന്നു പ്രതികളെ മൂന്നിടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തു. കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്രാൻ സമീർ പിടിയിലായത്.
ഡിസംബർ പതിനാലിനാണ് ഇയാൾ കഠിനംകുളം ചിറയ്ക്കലിൽ സക്കീറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വളർത്തുനായെ വിട്ട് സക്കീറിനെ കടിപ്പിച്ചത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.