കോവളം: കോവളം മണ്ഡലത്തിലെ തീരദേശത്താകെ രൂക്ഷമായ കടൽകയറ്റം. പനത്തുറ മുതൽ പൂവാർ വരെയുള്ള തീരദേശത്താണ് കടൽകയറ്റം ഉണ്ടായത്. ഇതിനെതുടർന്ന് കോവളം ബീച്ചിൽ ഉൾപ്പെടെ വെള്ളം കയറിയതിനാൽ സഞ്ചാരികളെ നിയന്ത്രിച്ചു. വിഴിഞ്ഞത്ത് കരയിൽ കയറ്റിെവച്ചിരുന്ന വള്ളം തകർന്ന് കടലിൽ മുങ്ങി. ഒരു വള്ളത്തിന് കൂട്ടിയിടിച്ച് കേടുപറ്റുകയും ചെയ്തു. അടിമലത്തുറയിൽ നിരവധി വീടുകളുടെ സമീപത്തുവരെ വെള്ളമെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് ശക്തമായ കടൽകയറ്റം ഉണ്ടായത്. വേലിയേറ്റമാണ് കടൽകയറ്റത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. തീരത്ത് രാത്രിയും ശക്തമായ തിരയടി തുടരുകയാണ്. അടിമലത്തുറയിലെ തീരദേശ ബീച്ച് റോഡിൽ വെള്ളം കയറി വാഹനഗതാഗതമുൾപ്പെടെ തടസ്സപ്പെട്ടു. വിഴിഞ്ഞത്ത് പുതിയ വാർഫിൽ പുലിമുട്ടും സംരക്ഷണ ഭിത്തിയും കഴിഞ്ഞാണ് ഭീമൻതിരയടിക്കുന്നത്.
പൂവാർ മുതൽ പുല്ലുവിള വരെയുള്ള ഗോതമ്പ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഇടറോഡുകളിലൂടെയുള്ള യാത്രകളും ദുരിതത്തിലാണ്. പൂവാർ, കരുംകുളം പ്രദേശങ്ങളിൽ നിരവധി വീടുകളില്‍ വെള്ളം കയറി. പൂവാർ പൊഴിക്കരയില്‍ റോഡ് പൂര്‍ണമായി വെള്ളത്തിനടിയിലായി. സുരക്ഷയുടെ ഭാഗമായി പൊഴിക്കര അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞദിവസങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ കടലാക്രമണം. പൂവാർ പ്രദേശത്ത് നിരവധി മത്സ്യബന്ധനബോട്ടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ചില ബോട്ടുകൾ ഒഴുകിപ്പോയതായും സംശയിക്കുന്നു.
ഈസ്റ്റർ ആയതിനാൽ ശനിയാഴ്ച തന്നെ എല്ലാ മത്സ്യത്തൊഴിലാളികളും മടങ്ങിയെത്തിയിരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. വേലിയേറ്റത്തെ തുടർന്ന് കടൽ കയറിയ പ്രദേശങ്ങളിൽ റവന്യൂ അധികൃതർ സന്ദർശനം നടത്തി. അടിമലത്തുറ സെൻറ് ജോസഫ് എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി. വീട്ടുകാരെ ഒഴിപ്പിക്കേണ്ടി വന്നാൽ അവരെ ഇവിടേക്ക് മാറ്റുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് വേലിയേറ്റം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമായ അവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.