നാഗർകോവിൽ: കന്യാകുമാരി ലോക്സഭ മണ്ഡലവും വിളവങ്കോട് നിയമസഭ മണ്ഡലവും തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ വോട്ടർമാരെക്കൊണ്ട് നൂറ് ശതമാനം വോട്ട് ചെയ്യിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ബോധവത്കരണ പരിപാടികൾക്ക് ചൂടുപിടിച്ചിട്ടും സ്ഥാനാർഥികളുടെ ആവേശത്തിന് ചൂട് നന്നേ കുറവ്. കോൺഗ്രസ് പ്രതിനിധീകരിക്കുന്ന ലോക്സഭ മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടില്ല. ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ, നാം തമിഴർ കട്ച്ചി പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും ചൂടുള്ള പ്രചാരണം തുടങ്ങിയിട്ടില്ല. നാമനിർദേശപത്രിക സമർപ്പണത്തിന് മൂന്ന് ദിവസമേ ബാക്കിയുള്ളൂ. വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് വിവിധ തലങ്ങളിൽ ബോധവത്കരണം നടന്നുവരുന്നു.
കന്യാകുമാരി കടൽതീരത്ത് ഫോട്ടോ പോയൻറ്, കോളജ് വിദ്യാർഥികളുടെ റാലികൾ, മൊബൈൽ വാൻ മുഖേന കവലകൾ തോറും വിഡിയോ പ്രദർശനം, മുട്ടം കടൽത്തീരത്ത് ചൂണ്ടുവിരലിന്റെ മണൽ ശിൽപം ഇങ്ങനെ വിവിധ രീതിയിലാണ് ബോധവത്കരണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ മതിലുകളിൽ ഉണ്ടായിരുന്ന പാർട്ടികളുടെ ചിഹ്നങ്ങളും പരസ്യങ്ങളും തദ്ദേശസ്ഥാപന ജീവനക്കാരെക്കൊണ്ട് മായ്ച്ചു. തെരഞ്ഞെടുപ്പ് കാലത്തെ അനധികൃത പണമിടപാട് തടയുന്നതിന് ഫ്ലൈയിങ് സ്ക്വാഡുകൾ സജീവമായി. തിങ്കളാഴ്ച സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം പ്രചാരണത്തിന് ചൂടേറും എന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.