തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ യന്ത്രവത്കൃതയാനങ്ങളുടെ രജിസ്ട്രേഷൻ സർവേ നടപടികൾ വേഗത്തിലും കാര്യക്ഷമമായും സുതാര്യമായും നടത്തുന്നതിനായുള്ള ഇലക്ട്രോണിക് പോർട്ടലിനൊപ്പം എൻഫോഴ്സ്മെന്റ് സംവിധാനവും ശക്തമാക്കാനൊരുങ്ങി മാരിടൈം ബോർഡ്. എൻഫോഴ്സ്മെന്റ് ശക്തമാക്കാൻ കേരള മാരിടൈം ബോർഡിന്റെ സ്പീഡ് ബോട്ടുകൾ അടുത്തമാസം നീറ്റിലിറക്കും.
ആഗസ്റ്റ് ഒന്നുമുതൽ മുതൽ ഹൗസ് ബോട്ട് അടക്കമുള്ള കേരളത്തിലെ എല്ലാ യന്ത്രവത്കൃത ഉൾനാടൻ ജലയാനങ്ങളുടെയും രജിസ്ട്രേഷൻ സർവേ നടപടികൾ ‘കേരള നൗക the iv connect’ എന്ന പോർട്ടൽ വഴി മാത്രമേ സാധ്യമാകൂ. പുതിയ ‘ഇൻലാൻഡ് വെസൽ ആക്ട് -2021’ന് അധിഷ്ഠിതമായി സംസ്ഥാനത്തെ എല്ലാ യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ഈ മേഖലയിലെ എല്ലാ അനധികൃതപ്രവർത്തനങ്ങളും ഇല്ലാതാക്കാനും മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പോർട്ടൽ. പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്ന യാനങ്ങൾക്ക് ക്യൂ ആർ കോഡുള്ള രജിസ്ട്രേഷൻ നമ്പർ നൽകും. യാത്രക്കാർക്കും പരിശോധന ഉദ്യോഗസ്ഥർക്കും ക്യൂ ആർ കോഡ് പരിശോധിച്ച് പാസഞ്ചർ കപ്പാസിറ്റി ഉൾപ്പെടെയുള്ള യാനത്തിന്റെ എല്ലാ വിവരങ്ങളും മനസ്സിലാക്കാനാവും. പുതിയ കേന്ദ്ര നിയമം അനുസരിച്ച് ഇത്തരത്തിൽ ഓൺലൈൻ സംവിധാനം വികസിപ്പിക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം. നേരത്തേ രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ പോർട്ടലിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇവയുടെ അടുത്ത വാർഷിക സർവേ പോർട്ടൽ വഴി മാത്രമേ നടത്താൻ കഴിയുള്ളൂ. പോർട്ടൽ പൂർണ സജ്ജമാകുന്നതോടുകൂടി ഈ മേഖലയിലെ അനധികൃത യാനങ്ങളെ എളുപ്പത്തിൽ കണ്ടെത്തി നടപടിയെടുക്കാനാവും. ജലഗതാഗതരംഗം കാര്യക്ഷമമാക്കാനും അപകടരഹിതമാക്കാനും ഓൺലൈൻ പോർട്ടൽ, എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.