തിരുവനന്തപുരം: ശനിയാഴ്ച സ്കൂളുകൾ പ്രവൃത്തിദിനമായിട്ടും നഗരത്തിൽ ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരപരമ്പര. 220 പ്രവൃത്തി ദിനങ്ങൾ തികക്കാൻ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് അധ്യാപകസമരങ്ങളിൽ ഉയർന്നുവന്നത്. പി.എഫ്.ആർ.ഡി.എ നിയമം റദ്ദ് ചെയ്യുക, വിദ്യാഭ്യാസരംഗത്തെ വർഗീയവവ്കരണം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തിയത്.
അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അധ്യാപകസമിതിയും തുടർച്ചയായ ആറാം പ്രവൃത്തി ദിനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.എസ്.ടി.യുവും ഡി.ജി.ഇയുടെ ഓഫിസിലേക്ക് സംസ്ഥാനതല ഉപവാസ സമരവും മാർച്ചും ധർണയും സംഘടിപ്പിച്ചു.
കെ.പി.എസ്.ടി.എ, എ.എച്ച്.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, കെ.എ.ടി.എ, കെ.എ.എച്ച്.എസ്.ടി.എ, കെ.എ.ടി.എഫ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത അധ്യാപക സമിതി തിരുവനന്തപുരം ഡി.ജി.ഇ ഓഫിസിനുമുന്നിൽ നടത്തിയ ഏകദിന ഉപവാസം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണം എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചില തട്ടിക്കൂട്ട് കമ്മിറ്റികളുടെ പേരിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള സർക്കാറിന്റെ ആസൂത്രിത നീക്കമാണെന്നും കെ. മുരളീധരൻ പറഞ്ഞു.
സംയുക്ത അധ്യാപകസമിതി സംസ്ഥാന അധ്യക്ഷൻ പി.കെ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ബാബു ദിവാകരൻ, ബീമാപള്ളി റഷീദ്, കെ. അബ്ദുൽ മജീദ്, കെ.എം അബ്ദുല്ല, ഡോ. അരുൺകുമാർ, എ.വി. ഇന്ദുലാൽ, സൈനുലാബ്ദ്ദീൻ, വെങ്കിടേശ് മൂർത്തി, ഡോ. ജോസ്, ഷിബില, അനിൽ വട്ടപ്പാറ, പി.കെ. അസീസ്, നിസാർ ചേലേരി, എസ്. മനോജ്, എ.സി. അത്താവുല്ല, എൻ. രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാഭ്യാസമേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) നടത്തിയ ഡി.ജി.ഇ ഓഫിസ് മാർച്ചും ധർണയും എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി ആറാം പ്രവൃത്തിദിനം ഒഴിവാക്കണമെന്ന് ഒ.കെ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രവീൺ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇ. ലോർദോൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജോയന്റ് കൗൺസിൽ സംസ്ഥാന നേതാവ് ശ്രീകുമാർ, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് രത്നം, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബിജു പേരയം തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ടി.എ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് പങ്കാളിത്തത്താൽ ശ്രദ്ധേയമായി. പാളയം പബ്ലിക് ലൈബ്രറിക്കു മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു. ധർണ സെക്രേട്ടറിയറ്റിനുമുന്നിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പാഠപുസ്തകത്തിൽ ശാസ്ത്രത്തെയും ചരിത്രത്തെയും അവഗണിച്ച് പുതിയ ഉള്ളടക്കത്തിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ ജില്ല പ്രസിഡന്റ് ആർ. വിദ്യാവിനോദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.വി. രാജേഷ്, പി. സുജു മേരി, ജില്ല സെക്രട്ടറി സിജോവ് സത്യൻ, ജോ. സെക്രട്ടറി സി.ആർ. ഹാന്റ തുടങ്ങിയവർ പങ്കെടുത്തു. മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.