ആറ്റിങ്ങൽ: നിലയ്ക്കാമുക്ക്-പണയിൽകടവ് റോഡിൽ ബസുകൾ കുഴിയിൽ വീഴുന്നത് തുടരുമ്പോഴും നടപടികൾ കൈക്കൊള്ളാതെ അധികൃതർ. നിലയ്ക്കാമുക്ക് കുന്നുവിള ഭാഗത്ത് റോഡ് പണിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി മണ്ണ് മാത്രം ഇട്ട് വേണ്ടവിധം ഉറപ്പിക്കാത്തതിനാൽ വലിയ വാഹനങ്ങൾ ഇവിടെ താഴ്ന്നുപോകുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മൂന്ന് ബസുകളാണ് ഇവിടെ കുഴിയിൽ താഴ്ന്നത്. വാഹനങ്ങൾക്ക് കേടുപാടുകളിലൂടെ വലിയ നാശനഷ്ടമാണ് സംഭവിക്കുന്നത്.
റോഡ് പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നതാണ് നിലവിലെ പ്രധാന പ്രശ്നം. ഇതിനുപിന്നിൽ പൊതുമരാമത്ത് റോഡ് വിഭാഗവും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ്. റോഡ് പണി തുടങ്ങി മെറ്റലുകൾ ഉറച്ചുതുടങ്ങിയപ്പോൾ പതിവുപോലെ വാട്ടർ അതോറിറ്റി വന്ന് കുഴിച്ചുതുടങ്ങി. ശേഷം മണ്ണുമൂടി അവർ പോയി. മഴ പെയ്തുതുടങ്ങിയപ്പോൾ ഈ ഭാഗങ്ങളിൽ മണ്ണിൽ വാഹനങ്ങളുടെ ടയർ താഴ്ന്ന് അപകടം പതിവാകുകയാണ്.
നിരവധി തവണ ടെൻഡർ ചെയ്തിട്ടും റോഡ്നിർമാണം ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. അവസാനം കരാർ എടുത്ത് പണി ആരംഭിച്ചപ്പോൾ പരാതികൾ ഉയരുകയും കരാറുകാരൻ പണി നിർത്തിവെക്കുകയും ചെയ്തു. റോഡ് പണി പൂർണമായും നിലച്ചതോടെ എം.എൽ.എ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കി. രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾ നടക്കുന്നതല്ലാതെ റോഡ് നിർമാണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.