കാട്ടാക്കട: ഊരൂട്ടമ്പലം പെട്രോൾപമ്പില്‍നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ച പണം ചോദിച്ചതിന് പമ്പ് ജീവനക്കാരെ ക്രൂരമായി മർദിച്ച് കലക്ഷൻ പണവുമായി മുങ്ങിയ കേസിലെ അഞ്ചുപ്രതികളെ കൂടി മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി നാലിന് രാത്രി ഏഴരമണിയോടെയായിരുന്നു സംഭവം. ഊരൂട്ടമ്പലം, മറുകിൽ നീറമൺകുഴി കൊട്ടിയാക്കോണം എം.ആർ. കോട്ടേജിൽ എം. ബ്ലസൻദാസ് (27), ബാലരാമപുരം തേമ്പാമുട്ടം പുത്രക്കാട് നൗഷാദ് മാസിലിൽ എൻ. അർഷാദ് (24), ഊരൂട്ടമ്പലം മറുകിൽ അരുവാക്കോട് ഒരുവിൽവിളാകം ജിതീഷ് ഭവനിൽ എസ്. അനീഷ് കുമാര്‍ എന്ന കണ്ണൻ (30) കാരോട് കാക്കവിള എണ്ണവിള അഭിജിത് കോട്ടേജിൽ എസ്. അമിതകുമാർ (23), നേമം പഴയകാരയ്ക്കാമണ്ഡപം പൊറ്റവിള വേലിക്കകംവീട്ടിൽ എ. അഖിൽ (25) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ മാറനല്ലൂർ പൊലീസ് പിടികൂടിയത്.
ഒന്നാംപ്രതി ശ്യാം നേരത്തേ പിടിയിലായിരുന്നു. കേസിൽ രണ്ടുപ്രതികൾകൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഊരൂട്ടമ്പലം, ബാലരാമപുരം റോഡിലുള്ള പമ്പിൽ പെട്രോൾ അടിച്ച പണം കൊടുക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തെതുടർന്ന് നാല് ബൈക്കുകളിലായെത്തിയ പത്തോളം വരുന്ന അക്രമിസംഘമാണ് ജീവനക്കാരെ മര്‍ദിച്ചത്. ആദ്യം ഒരു ബൈക്കിൽ പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റുകയും അടുത്തയാൾ പണം നൽകും എന്ന് അറിയിക്കുകയുമായിരുന്നു. പിന്നാലെ നിർത്തിയ ബൈക്കും പെട്രോൾ അടിച്ച ശേഷം പണം നൽകിയില്ല. ജീവനക്കാരൻ പണം ആവശ്യപ്പെട്ടതോടെ മാനേജരെ ഉൾപ്പെടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പമ്പിലെ ജീവനക്കാരുടെ കൈയിൽ ഉണ്ടായിരുന്ന 25,000 രൂപ അടങ്ങുന്ന കലക്ഷൻ ബാഗും തട്ടിയെടുത്താണ് അക്രമികള്‍ മുങ്ങിയത്. അക്രമത്തിനുശേഷം പ്രതികൾ ആറുമാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
മാറനല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ കിരൺ ശ്യാം, പൊലീസ് ഉദ്യോഗസ്ഥരായ സൈജു, പ്രശാന്ത്, വിപിൻ, ശ്രീജിത്ത്, അക്ഷയ, അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടർന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.