മെഡിക്കല്‍ കോളജ്: നിർമാണ പ്രവൃത്തിക്കിടെ മെറ്റല്റോപ് പൊട്ടി 60 അടിയോളം താഴ്ചയുള്ള സ്വിവറേജ് കുഴിയില്‍ വീണ് രണ്ട് അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതരപരിക്ക്. ഝാര്‍ഖണ്ഡ് സ്വദേശികളായ പിന്റോ (30), അഫ്താഫ് (40) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 2.15ഓടെ കുമാരപുരം പൂന്തി റോഡിന് സമീപത്തുള്ള ഇടത്തറയില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വിവറേജ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണത്തിനിടെയാണ് അപകടം. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണത്തിനായി എക്സ്കവേറ്ററും ക്രെയിനും ഉപയോഗിച്ചിരുന്നു. വലിയമെറ്റല് ബോക്സിനുള്ളില്‍ തൊഴിലാളികള്‍ കയറി മെറ്റല്‍ റോപ് ഉപയോഗിച്ച് ബന്ധിച്ച ശേഷം എക്സ്കവേറ്ററിന്റെ സഹായത്താല്‍ പ്ലാന്റിനുള്ളിലേക്ക് ഇറങ്ങുന്നതിനിടെയാണ് റോപ് പൊട്ടി തൊഴിലാളികള്‍ കുഴിയില്‍ വീണത്. വീഴ്ചയില്‍ പിന്റോക്ക് തലയില്‍ ആഴത്തിലുള്ള മുറിവും കൈകാലുകള്‍ക്ക് പൊട്ടലുമുണ്ടായി. അഫ്താഫിന് ഗുരുതര പരിക്കേറ്റു.
സംഭവം നടന്നയുടന്‍ ചാക്കയില്‍നിന്നും തിരുവനന്തപുരത്തുനിന്നും അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വീഴ്ചയില്‍ എഴുന്നേൽക്കാൻ കഴിയാതെ കിടന്ന ഇരുവരെയും സ്പിന്‍ ബോര്‍ഡിന്റെയും വലയുടെയും സഹായത്താല്‍ ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് കരയിലെത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ജില്ല ഫയര്‍ ഓഫിസര്‍ സൂരജിന്റെ നേതൃത്വത്തില്‍ ചാക്ക സ്റ്റേഷന് ഓഫിസര്‍ അരുണ്‍ മോഹന്‍, തിരുവനന്തപുരം സ്റ്റേഷന് ഓഫിസര്‍ നിതിന്‍ രാജ് എന്നിവര്‍ക്കൊപ്പം ചാക്ക അഗ്നിരക്ഷാ സേനയിലെ എസ്.എഫ്.ആര്.ഒ രാജേഷ്, എഫ്.ആര്.ഒമാരായ രാജേഷ്, സജികുമാര്‍, സനല്‍കുമാര്‍, അനു, ദീപു, ജോബി, ജോസ്, പൊന്‍രാജ്, ലതീഷ്, ഹോംഗാര്‍ഡ് ലാഡ്ലി പ്രസാദ് എന്നിവരും സെന്ട്രല്വര്ക്ക് ഷോപ് വിഭാഗത്തില്‍നിന്ന് ശ്രീകുമാര്‍, രഞ്ജിത്ത്, രാജേഷ് എന്നിവരും ചെങ്കല്‍ചൂള നിലയത്തില്‍നിന്ന് എസ്.എഫ്.ആര്.ഒ ഷാഫി, എഫ്.ആര്.ഒമാരായ ദീപകുമാര്‍, ശിവകുമാര്‍, റെജികുമാര്‍, വിപിന്‍, റസീഫ്, സനു, രാഹുല്‍, ഫിറോസ് ഖാന്, ഷമീര്‍, ഹോംഗാര്‍ഡ് രാജശേഖരന് എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.