മെഡിക്കല്‍ കോളജ്: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയുടെ പിന്നിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ 11.40 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഉയര്‍ന്നുപൊങ്ങിയതോടെ, ആശുപത്രി പരിസരം പുക പടലത്താല്‍ മൂടി. സംഭവം നടന്നയുടന്‍ ആശുപത്രി ജീവനക്കാര്‍ ചാക്ക അഗ്നിരക്ഷാസേനയിൽ വിവരമറിയിച്ചു. സ്റ്റേഷന് ഓഫിസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ ഓഫിസര്‍മാരായ സജികുമാര്‍, സമിന്, മുകേഷ്കുമാര്‍, ഫയര്മാന് ഡ്രൈവര്‍ ഹാപ്പിമോന്‍ എന്നിവരുള്‍പ്പെട്ട സംഘമെത്തി ഒരു മണിക്കൂർ പരിശ്രമിച്ച് തീ കെടുത്തി.
ഒരു വര്‍ഷത്തിനിടെ, മൂന്ന് തവണയാണ് എസ്.എ.ടി ആശുപത്രിയില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത്. ആശുപത്രി കാമ്പസില്‍ വിവിധ ഭാഗങ്ങളിലായി വാര്‍ഡുകളില്‍നിന്ന് ശുചീകരണത്തൊഴിലാളികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ കൂട്ടിയിടുക പതിവാണ്. ഇവ സമയോചിതമായി നീക്കാതെ തൊഴിലാളികള്‍ തന്നെ മാലിന്യക്കൂമ്പാരത്തിന് തീകൊളുത്തുന്നതായിട്ടാണ് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നത്. തീ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ഉയര്ന്നുകത്തുമ്പോള് അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുന്നതായും പറയുന്നു.
ആശുപത്രി പരിസരവും വാര്ഡിനുസമീപവും പുകപടലത്താല്‍ മൂടുമ്പോള്‍ പ്രയാസം അനുഭവിക്കുന്നത് നവജാത കുഞ്ഞുങ്ങളും അമ്മമാരുമാണ്. ഇത്തരം നടപടിക്കെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.