മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് മുന്നിലെ റോഡ് അനധികൃതമായി കൈയേറി ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രികര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതായി വ്യാപക പരാതി.
മെഡിക്കല്‍ കോളജ് ജങ്ഷനില്‍നിന്ന് ഉളളൂരിലേക്ക് പോകുന്ന റോഡില്‍ മെഡിക്കല്‍ കോളജിലെതന്നെ എ.സി.ആര് ലബോറട്ടറിയും കമ്യൂണിറ്റി ഫാര്‍മസിയും പ്രവര്ത്തിക്കുന്നതിനുമുന്നിലാണ് ആംബുലന്‍സുകള്‍ തോന്നുന്ന രീതിയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.
ഈ ഭാഗത്ത് മെഡിക്കല്‍ കോളജ് പൊലീസോ ട്രാഫിക് പൊലീസോ തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുയരുന്നു. ആംബുലന്‍സുകള്‍ അനധികൃതമായി റോഡ് കൈയേറി പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ കാല്‍നടയാത്രികര്‍ക്ക് പലപ്പോഴും റോഡിലിറങ്ങി നടക്കേണ്ടിവരുന്നത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നു.
നടപ്പാത കൈയേറിയുള്ള വഴിയോരകച്ചവടവും ഈഭാഗത്ത് കാല്‍നടയാത്രികര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. ആംബുലന്‍സുകളുടെ പാര്‍ക്കിങ്ങിനെ ചൊല്ലി ഡ്രൈവര്‍മാര്‍ തമ്മില്‍ പലപ്പോഴും അസഭ്യവർഷവും സംഘര്‍ഷവും വരെ നടക്കാറുള്ളതായി സമീപത്തുള്ള കച്ചവടക്കാര്‍തന്നെ പറയുന്നു. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനങ്ങളെ മാറ്റി പൊതുജനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും മറ്റ് വാഹനയാത്രികര്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.