മെഡിക്കൽ കോളജ്: ആർ.സി.സിയിൽ 22 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച എം.ആർ.ഐ യൂനിറ്റും മാമോഗ്രാഫി യൂനിറ്റും തിങ്കൾ മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അനെർട്ടിന്റെ സഹായത്തോടെ സ്ഥാപിച്ച സൗരോർജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
19.5 കോടി രൂപ ചെലവിൽ സ്ഥാപിച്ച എം.ആർ.ഐ യൂനിറ്റ് അതികൃത്യതയോടെ സ്കാൻ ചെയ്യുന്നതിനുള്ള ഹൈടെക് സംവിധാനമാണ്. സ്തനാർബുദ നിർണയത്തിനുള്ള ബ്രസ്റ്റ് കോയിൽ, പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിനുള്ള പ്രത്യേക സംവിധാനം എന്നിവ ഈ ഉപകരണത്തിൽ ഉണ്ട്. പ്രതിബിംബം സൂക്ഷ്മ വിശകലനം നടത്തി അതികൃത്യതയോടെ രോഗനിർണയം നടത്താനുള്ള സൗകര്യങ്ങൾ ഈ യൂനിറ്റിൽ ഉണ്ട്. സ്തനാർബുദം പ്രാരംഭദശയിൽതന്നെ കണ്ടുപിടിക്കാനുള്ള അതിനൂതന സങ്കേതങ്ങളാണ് 3 ഡി ഡിജിറ്റൽ മാമോഗ്രാഫി യൂനിറ്റിൽ ഉള്ളത്. സാധാരണ മാമോഗ്രാഫിയിൽ രണ്ട് പ്രതിബിംബങ്ങൾ ലഭിക്കുമ്പോൾ ഇതിൽ 15 പ്രതിബിംബം ലഭിക്കും. കൂടുതൽ കൃത്യതയോടെ രോഗനിർണയം നടത്താമെന്നതാണ് സവിശേഷത. ബയോപ്സി എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ഉദ്ഘാടനചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനാകും. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചടങ്ങിനെത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.